തിരുവനന്തപുരം: സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ദുരിതത്തിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് നിവേദനം നല്കി.
ആയിരക്കണക്കിനാളുകള്‍ പണിയെടുക്കുന്ന ഈ തൊഴില്‍ മേഖലയെ കൈപിടിച്ച് കയറ്റുന്നതിനു വേണ്ടി ചില അടിയന്തര സഹായങ്ങള്‍ നല്കാന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. നാട്ടില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ ഫോട്ടോ- വീഡിയോ ഗ്രാഫര്‍മാരുടെ സേവനം അനിവാര്യമാണല്ലോ. ഈ ചടങ്ങുകളില്‍ എല്ലാം മുന്‍പന്തിയില്‍ നില്ക്കുന്ന ആള് എന്ന നിലയില്‍ കോവിഡ് വാക്സിന് സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നവരുടെ മുന്‍ഗണന വിഭാഗത്തില്‍ ഫോട്ടോ -വീഡിയോ ഗ്രാഫി മേഖലയില്‍ തൊഴില്‍ എടുക്കുന്നവരേയും ഉള്‍പ്പെടുത്തുക.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളിലെ കെട്ടിടങ്ങള്‍, സ്വകാര്യ മേഖലയിലെ കെട്ടിടങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗവണ്മെന്റിലേക്ക് അടക്കേണ്ടതും, മെയിന്റനന്‍സിനും ആവശ്യമായ തുക മാത്രം ഈടാക്കി 75 ശതമാനവും വാടക ഒഴിവാക്കി തരുന്നതിനു വേണ്ട നടപടി സ്വീകരിക്കണം.
ഫോട്ടോഗ്രാഫി- വീഡിയോഗ്രാഫി ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമെടുത്ത ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയിലാണ്. ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാനും മൊറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കിയും നല്‍കണം.
ഫോട്ടോ സ്റ്റുഡിയോകളിലെ ഫോട്ടോ പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ അവ പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടാവുകയും അതിലെ ഇങ്ക് ഉണങ്ങി ഉപയോഗ യോഗ്യമല്ലാതാവുകയും ചെയ്യും. ആഴ്ചയില്‍ രണ്ടു ദിവസം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ സ്ഥാപനം തുറക്കുന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കണം.
കല്യാണം ഉള്‍പ്പെടെ തൊഴില്‍ ചെയ്യുന്നതിന് പോകുമ്പോള്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ക്യൂ ആര് കോഡ്, വെഡ്ഡിംഗ് കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ ഉള്ളവര്‍ക്ക് യാത്ര ചെയ്യുവാന്‍ ഉള്ള അനുമതി നല്‍കണം.
സര്‍ക്കാരിന്റെ കൊവിഡ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന രീതിയില്‍ ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിജയന് മാറാഞ്ചേരിയും സംസ്ഥാന ജനറല്‍ സെക്രട്ടറി മോനിച്ചന് തണ്ണിത്തോടും നിവേദനത്തില്‍ ആവശ്യപ്പെട്ടു.


