മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ പൊതുമേഖലാ സ്ഥാപനമാണ് പൈനാപ്പിള്‍ ഫാക്ടറി. അഞ്ച് വര്‍ഷമായി ഈ സര്‍ക്കാരും ജനപ്രതിനിധിയും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. യുഡിഎഫ് കാലത്ത് ആരംഭിച്ചതാണ് പൈനാപ്പിള്‍ മിഷന്. അവസാന നിമിഷം മന്ത്രി വന്ന് ഉദ്ഘാടനം നടത്തി. അന്ന് ഒറ്റ ദിവസത്തേക്ക് മാത്രം ‘ജൈവി’ന്റെ ഉല്പാദനം നടന്നു. അതിനു ശേഷം ഇതുവരെ ജൈവ് ഉല്പാദനം നടന്നിട്ടില്ല. 150-ഓളം ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്ന് ജോസഫ് വാഴക്കന്.
വര്‍ഷം തോറും ഓരോ കോടി രൂപ പൈനാപ്പിള്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് പൈനാപ്പിള്‍ മിഷന്. ഇന്ന് പദ്ധതി കേവലം ജലരേഖ മാത്രമായി മാറി.യുഡിഎഫ് ആരംഭിച്ച ഹൈടെക് നഴ്സറി കേരളത്തിലെ മാതൃകാ സ്ഥാപനമായി നില നില്ക്കുന്നു. അന്ന് പദ്ധതിക്കെതിരെ കേസ് കൊടുത്തവരും നിര്‍മ്മാണം തടസ്സപ്പെടുത്തിവരുമൊക്കെ ഇന്നതിന്റെ പിതൃത്വം ഏറ്റെടുക്കുന്നതും സ്വന്തം കുടുംബാംഗങ്ങളെ മുഴുവന്‍ അവിടെ ജോലിക്കാരാക്കി മാറ്റിയതും മൂവാറ്റുപുഴയുടെ മറ്റൊരു കൗതുകമാണെന്നും പേര് പറയാതെ വ്യക്തമാക്കി വിമര്‍ശനങ്ങള്‍ ചൊരിഞ്ഞ് വാഴക്കന്.
കൂടാതെ യുഡിഎഫ് സര്‍ക്കാര്‍ എറണാകുളം മേഖലക്ക് അനുവദിച്ച സിവില്‍ സര്‍വീസ് അക്കാദമിയാണ് മൂവാറ്റുപുഴയിലേത്. ഇത് സംസ്ഥാനത്തെ മൂന്നാമത്തെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായിരുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്ഥാപനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫൗണ്ടേഷന് കോഴ്സുകള്‍ക്കാണ് തുടക്കം കുറിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഐഎഎസ് കോച്ചിംഗ് സെന്റര്‍ ആരംഭിക്കേണ്ടിയിരുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവം കൊണ്ട് പിന്നീടൊന്നും സംഭവിച്ചില്ല. നാട്ടിലെ വളര്‍ന്നു വരുന്ന സാധാരണക്കാരായ കുട്ടികളുടെ വലിയ സാധ്യതകളാണ് കൊട്ടിയടച്ചത്. ഇത് യുവ ജനതയോടും സമൂഹത്തോടുമുള്ള വലിയ വഞ്ചനയാണെന്നും വാഴക്കന് വിമര്‍ശിച്ചു.
ആരക്കുഴ ഐടിഐക്ക് മൂന്നര ഏക്കര്‍ സ്ഥലവും പണവും അനുവദിച്ചിട്ട് എങ്ങുമെത്താതെ ആ സ്ഥാപനം നില്ക്കുന്നു. സ്ഥലം കണ്ടെത്തി പണം അനുദിച്ചിട്ടും നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ആയവനയിലെ ടെക്നിക്കല്‍ സകൂളിന്റെ അനിശ്ചിതത്വത്തിലാക്കപ്പെട്ട അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയത്. ഈ നാടിന്റെ ഓരോ മേഖലയും അവഗണന നേരിട്ട കാലയളവാണ് കടന്നു പോയതെന്നും ജോസഫ് വാഴക്കന് വിമര്‍ശിച്ചു.


