കൊല്ലത്ത് പ്രവാസിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കന്‍ മലയാളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തില്‍ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പിരിവ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബിജു ഭീഷണി മുഴക്കിയത്.
അമേരിക്കയിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന മൈനാഗപ്പള്ളി കോവൂര്‍ മായാവിലാസത്തില്‍ ഷഹി വിജയനും ഭാര്യ ഷൈനിയും ചവറ മുഖംമൂടി മുക്കിലെ 75 സെന്റ് സ്ഥലത്ത് കണ്വന്ഷന് സെന്റര്‍ നിര്‍മിച്ചു. ഇവിടെ കൊടികുത്തുമെന്നാണ് സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്റെ ഭീഷണി. ശ്രീകുമാര്‍ രക്തസാക്ഷി മണ്ഡപത്തിനായി 10000 രൂപ ചോദിച്ചിട്ട് ലഭിക്കാത്തതാണ് കാരണം.
ക്ഷേത്രത്തിനായി പതിനയ്യായിരം രൂപ ചോദിച്ചിട്ടും സ്ഥാപന ഉടമ തന്നില്ലെന്ന് ബിജുവിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. കണ്വന്ഷന് സെന്ററിനോട് ചേര്‍ന്നുളള 33 സെന്റ് സ്ഥലം ഡേറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷിഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തരംമാറ്റാന്‍ അനുവദിക്കില്ലെന്നാണ് മറ്റൊരു ഭീഷണി.
ഷഹി വിജയന്റെ സഹോദരന്റെ മകനുമായുളള ഫോണ്‍ സംഭാഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാണ്. കെഎഫ്സിയില് നിന്ന് കോടികള്‍ വായ്പയെടുത്ത് നിയമാനുസൃതമാണ് കണ്വന്ഷന് സെന്റര്‍ നിര്‍മിച്ചതെന്നും ഭൂമിതരംമാറ്റത്തിന് കൃഷി ഓഫീസര്‍ കൈക്കൂലി ചോദിച്ചെന്നും ഷഹി പറയുന്നു. സംരക്ഷണം തേടി പ്രവാസി കുടുംബം മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നല്കി. സ്ഥാപന ഉടമ പാടം നികത്തിയതാണ് ചോദ്യം ചെയ്തതെന്നും പാര്‍ട്ടിക്കു ഫണ്ട് ചോദിച്ചു വിളിച്ചിട്ടേയില്ലന്നുമാണ് ബിജുവിന്റെ വിശദീകരണം.
നിയമാനുസൃതം നടപടികള്‍ പൂര്‍ത്തിയാക്കി സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ ഉദ്യോഗസ്ഥരാണ് ആദ്യം വഴിമുടക്കുന്നത്. പിന്നീട് പാര്‍ട്ടിക്കാരും. ഇതിന് മാറ്റംവരുത്താന്‍ മുഖ്യമന്ത്രി തന്നെ ഇടപെടേണ്ടിയിരിക്കുന്നു.


