കൊല്ലം: ലോക്ക്ഡൗണ്‍ കാലയളവില്‍ പുനലൂര്‍ താലൂക്ക് ആശുപതിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ മകന് തോളിലേറ്റി അരകിലോമീറ്റര്‍ നടന്ന സംഭവം മകന് റോയി മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് അംഗം വി.കെ. ബീനാകുമാരി തീര്‍പ്പാക്കി.
കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു സംഭവം. ലോക്ക് ഡൗണ്‍ കാലയളവില്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് കുളത്തൂപ്പുഴ സ്വദേശി ഐ.പി. ജോര്‍ജിനെ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി വീട്ടിലേക്ക് കൊണ്ടു പോകാന്‍ മകന് റോയ്മോന് ഓട്ടോയില്‍ ആശുപത്രിയിലെത്തിയത്. വഴിയില്‍ ഓട്ടോറിക്ഷ പോലീസ് തടഞ്ഞു. ഓട്ടോ നിര്‍ത്തി ആശുപത്രിയിലേക്ക് നടന്നു പോയ റോയ്മോന് മറ്റൊരു ഓട്ടോയില്‍ അച്ഛനും അമ്മയുമായി തന്റെ ഓട്ടോക്ക് സമീപത്തെത്തി.
പോലീസ് പരിശോധന നടക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ കുടുംബത്തെ അവിടെ ഇറക്കി വിട്ടു. തുടര്‍ന്ന് മകന് പിതാവിനെ എടുത്തുയര്‍ത്തി മുന്നോട്ട് നടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ പിതാവിന് നടന്നു പോകാന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അനന്തര നടപടികള്‍ കൂടാതെ കേസ് തീര്‍പ്പാക്കിയത്.


