ലൈഫ് മിഷന് രണ്ടാംഘട്ട അപ്പീലിന് ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ എറണാകുളം ജില്ലയില്‍ 40,207 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 23,276 ഭവന രഹിതരും 16,931 ഭവന രഹിതരായ ഭൂരഹിതരുമാണ് പട്ടികയിലുള്ളത്. രണ്ടാംഘട്ട അപ്പീല്‍ നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ ജില്ലയില്‍ 360 അപ്പീലുകളും 3 പരാതികളുമായിരുന്നു ലഭിച്ചിരുന്നത്.
ജില്ലാകളക്ടര്‍ അധ്യക്ഷനായ സമിതി രണ്ടാംഘട്ട അപ്പീലുകള്‍ പരിശോധിച്ചതിന് ശേഷമാണ് പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 55,601 അപേക്ഷകളായിരുന്നു ജില്ലയിലാകെ ലഭിച്ചിരുന്നത്. 34720 ഭൂരഹിതരുടെയും 20881 ഭൂരഹിതരായ ഭവന രഹിതരുടെയും അപേക്ഷകള്‍ ലഭിച്ചിരുന്നു.
ജില്ലയിലെ വിവിധ നഗരസഭകളിലായി 3631 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 803 ഭവനരഹിതരും 2828 ഭൂരഹിതരായ ഭവന രഹിതരും ഉള്‍പ്പെടുന്നു. 3682 ഗുണഭോക്താക്കളാണ് കോര്‍പ്പറേഷനില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 680 ഭവന രഹിതരും 3002 ഭൂരഹിതരുമാണ്. 32894 ഗുണഭോക്താക്കളാണ് വിവിധ പഞ്ചായത്തുകളിലായി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ 21793 ഭവന രഹിതരും, 11101 ഭൂരഹിതരായ ഭവന രഹിതരും ഉള്‍പ്പെടുന്നു.
പുതിയ പട്ടിക ഗ്രാമ/വാര്‍ഡ് സഭകളും, പഞ്ചായത്ത്/ നഗരസഭാ ഭരണ സമിതികളും ചര്‍ച്ച ചെയ്യും. മാനദണ്ഡങ്ങള്‍ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ എന്നും മുന്‍ഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്നും ഗ്രാമസഭകള്‍ വിശകലനം ചെയ്യും. ഓഗസ്റ്റ് 16നാണ് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്.


