പെരുമ്പാവൂര്‍: നാളികേരത്തിന്റെ വിവിധങ്ങളായ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് വിപണിയില്‍ എത്തിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വെങ്ങോലയുടെ സ്വന്തം ബ്രാന്‍ഡില്‍ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുവാന്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിക്കായി മുക്കാല്‍ കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കേരകൃഷിയുടെ വിസ്തൃതിയും ഉത്പാദനവും വര്‍ദ്ധിപ്പിച്ച് വെങ്ങോല പഞ്ചായത്തിന് കേര കൃഷിയിലുണ്ടായിരുന്ന പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
കേരഗ്രാമം പദ്ധതിയുടെ മൂന്ന് വര്‍ഷ കാലാവധി കഴിഞ്ഞാലും കര്ഷകന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകണം. അതിന് LSGD പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് തെങ്ങ് കയറ്റയന്ത്രവും ജൈവ വളക്കിറ്റും ചടങ്ങില്‍ വിതരണം ചെയ്തു. മുതിര്‍ന്ന കര്‍ഷകരായ കുമാരന് ഇളയിടം, നബീസ മുഹമ്മദ് കൊച്ചുപുരക്കല്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്തിലെ രാജു തുണ്ടത്തില്‍ എന്ന കര്‍ഷകന്റെ പുരയിടത്തില്‍ മന്ത്രി പദ്ധതിയുടെ ഭാഗമായി തെങ്ങിന് തൈ നട്ടു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ചാലക്കുടി എം പി ബെന്നി ബഹനാന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ അലി, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് എന്‍. ബി, വൈസ് പ്രസിഡണ്ട് ഷംല നാസര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പോള്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ തോമസ് സാമുവല്‍, അനിതാ ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാന്‍സി പരമേശ്വരന് കൃഷി ഓഫീസര്‍ നിജാ മോള് എന്നിവര്‍ പങ്കെടുത്തു.


