എറണാകുളം: ജില്ലയില്‍ രണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമായി. കരുമാലൂര്‍ എസ്.എന്‍.ജി.ഐ.എസ്.ടി, രായമംഗലം ഐ.എല്‍.എം കോളേജ് എന്നിവിടങ്ങളില്‍ ആണ് പുതിയ എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കരുമാലൂരില്‍ 120 പേര്‍ക്കുള്ള സൗകര്യവും രായമംഗലത്ത് 70 പേര്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ സി.എഫ്.എല്‍.ടി.സികളുടെ ആകെ എണ്ണം 16 ആയി.
ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് നല്കുന്ന ഭക്ഷണം രുചിയുള്ളതും ഗുണമേന്മയുള്ളതുമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പാക്കണമെന്ന് കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്കി. കോവിഡ് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്താനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കോവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ ഡാറ്റ എന്‍ട്രി ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് അധ്യാപകരെ നിയോഗിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.


