അരൂര്‍: എഴുപുന്നയിലെ റെയില്‍വേ ഗേറ്റ് വീണ്ടും പണിമുടക്കി. ചെല്ലാനം ഉള്‍പ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍ ദേശീയ പാതയിലേക്കെത്താനാവാതെ വലഞ്ഞു. അരൂര്‍ മണ്ഡലത്തില്‍ ഏറെ തിരക്കുള്ള എരമല്ലൂര്‍- എഴുപുന്ന റോഡിലാണ് റെയില്‍വേഗേറ്റ് തകരാറിലായത്. മാസത്തില്‍ രണ്ടുതവണയെങ്കിലും ഗേറ്റ് പണിമുടക്കും.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച ഗേറ്റ് ട്രെയിന്‍ പോകാന്‍ അടച്ചാല്‍പ്പിന്നെ തുറക്കാന്‍ പറ്റാതാകുന്നതാണ് പ്രശ്നം. ഗേറ്റ് മാറ്റിസ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച ഗേറ്റ് തകരാറിലായതോടെ എഴുപുന്ന, ചെല്ലാനം മേഖലയിലെ രോഗികളാണ് ഏറ്റവും കഷ്ടത്തിലായത്. കൊറോണവ്യാപനം ശക്തമായ പ്രദേശത്ത് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് ഉള്‍പ്പെടെ കുരുക്കിലകപ്പെട്ടു.
കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് പിന്നീട് വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ എത്താനായത്. മേല്‍പ്പാലം സ്ഥാപിക്കുമെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ഗേറ്റ് പുതുക്കിപ്പണിയാന്‍ വിസമ്മതിക്കുന്നത്. പുതിയ ഗേറ്റ് സ്ഥാപിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജെ.എസ്.എസ്. എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


