സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് മറ്റൊരു വീട്ടിലേക്ക് കടുന്ന ുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനാജനകമാണെന്നും മന്ത്രി വ്യക്തമാക്കി. വിമസ്മയയുടെ നിലമേലുള്ള വീട്ടില്‍ കുടംബാംഗങ്ങളെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് എതിരെയുള്ള ഇങ്ങനെയുള്ള ഒരു അതിക്രമങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വാസ്തവത്തില്‍ സ്ത്രീധനത്തിനെതിരെ, ആ സമ്പ്രദായത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതുണ്ട്. സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും നമ്മള് ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പെണ്മക്കള് ഇങ്ങനെ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല. അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് സംസ്കാര സമ്പന്നതയ്ക്കു യോജിക്കാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയും അരുത്. സ്ത്രീ- പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.