തൃശ്ശൂര്‍: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൂട്ടം കുറച്ചാല്‍ നേട്ടം കൂടുമെന്ന് ഔദ്യോഗിക പേജില്‍ തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സിപിഎം സമ്മേളനത്തിലെ ഫോട്ടോകളാണ് കമന്റുകളായി എത്തിയത്. ഇതോടെ കമന്റ് ബോക്സ് പൂട്ടി.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയുള്ള തൃശൂര്‍ സിപിഎം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 200 ഓളം പേര് പങ്കെടുത്ത സമ്മേളനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കൂട്ടം കുറച്ചാല്‍ നേട്ടം കൂടും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍.
പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമന്റുകള്‍ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോര്‍ഡിലാക്കി സമ്മേളന നഗരിക്ക് മുന്നില്‍ തൂക്കിയിടൂവെന്നായിരുന്നു കമന്റുകളില്‍ നിറഞ്ഞ ഉപദേശം. സമ്മേളന നഗരിയിലെ ആള്‍ക്കൂട്ടത്തിന്റെ വിവിധ ആംഗിലുകളിലെ ഫോട്ടോകളുമെത്തി. കമന്റുകള്‍ കൈവിട്ടു തുടങ്ങിയതോടെ കമന്റ് ബോക്സ് കളക്ടര്‍ പൂട്ടി.