എറണാകുളം: ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണപുടവയൊരുക്കി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഓണാഘോഷം വീടുകളില്‍ ഒതുങ്ങുമ്പോള്‍ മാതൃകയാകുകയാണ് മാത്യു കുഴല്നാടന്. 244 ആശാ വര്‍ക്കര്‍മാര്‍ക്കാണ് എംഎല്‍എ ഓണപുടവ നല്‍കിയത്. പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുമായി നേരിട്ട് ഇടപെഴകി നാടിന് മാതൃകയായി പ്രവര്‍ത്തിക്കുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. ഏറ്റവും ദുരിതമനുഭവിക്കുന്നവര്‍ കൂടിയാണ് ആശാവര്‍ക്കര്‍മാരെന്നും. ഇതാണ് തന്റെ തീരുമാനത്തിന് കാരണമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പത്ത് പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലുമായി 244 ആശാ വര്‍ക്കര്‍മാരാണുള്ളത്. ഇവര്‍ക്കൊപ്പമാണ് കോവിഡ് പ്രതിസന്ധി ഘട്ടത്തിലെ ഓണം മാത്യു കുഴല്നാടന് സ്നേഹം പകര്‍ന്ന് ആഘോഷിക്കുന്നത്.
കോവിഡ് അടക്കം എല്ലാ കാലത്തും ജനങ്ങളുമായി ഇഴകി ചേര്‍ന്നവര്‍. ഏറ്റവും അധികം പണി എടുക്കുന്നവര്‍. കുറഞ്ഞ ശമ്പളം. ദുരിതപൂര്വ്വമാണ് ഇവരുടെ ജീവിതമെന്ന് കുഴല്നാടന് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ ശമ്പളം ഉയര്‍ത്തണമെന്നും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും മാത്യു കൃഴല്നാടന് നിരവധി തവണ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവരുടെ ദുരിതം അകറ്റണമെന്ന് ആവശ്യപെട്ട് സര്‍ക്കാരിന് കത്തും നല്കി.
കുറഞ്ഞ ശമ്പളം ലഭിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ജീവിതം ദുരിതപൂര്‍ണമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവുമധികം രോഗികളുമായി അടുത്തിടപെടേണ്ടി വരുന്നവരാണ് ഇവര്‍. എന്നാല്‍ തങ്ങള്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കാന്‍ പണം ഇവരില്‍ ഭൂരിഭാഗത്തിനുമില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് ചികിത്സക് പണമില്ലാതെ ആശാ വര്‍ക്കറുടെ ഭര്‍ത്താവ് മരിച്ചത്. ഈ സാഹചര്യത്തിലാണ് മാത്യു കുഴല്നാടന് ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണപുടവയൊരുക്കിയത്.


