പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബൈപ്പാസിന്റെ പദ്ധതി പ്രദേശത്ത് പെരിയാര്‍വാലി കനാലിന് കുറുകെ കലുങ്ക് നിര്‍മ്മിക്കുന്ന പ്രവൃത്തിക്കാണ് തുടക്കമായതെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബറില്‍ നടക്കും. 25 മീറ്റര്‍ വീതിയിലും 3 മീറ്റര്‍ നീളത്തിലുമാണ് കലുങ്ക് നിര്‍മ്മിക്കുന്നത്. 5 കലുങ്കുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. 1.37 കിലോമീറ്റര്‍ നീളത്തിലാണ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം. നാലു വരി പാതയായി നിര്‍മ്മിക്കുന്ന റോഡിന്റെ വശങ്ങളില് നടപ്പാതകളും ഉണ്ടാകും. രാത്രി യാത്രികര്‍ക്ക് സഹായകരമാകുന്ന വെളിച്ചവും മറ്റു സൗകര്യങ്ങളും റോഡിന്റെ വശങ്ങളില് സജ്ജികരിക്കും.
ബൈപ്പാസ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണുനിരത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിന് ശേഷം ലെവല്‍സ് എടുക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. 24 കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ റോഡ് നിര്‍മ്മാണത്തിന് അനുവദിച്ചത്. പെരുമ്പാവൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ബൈപ്പാസ് പദ്ധതി 2 ഘട്ടങ്ങളിലായാണു പൂര്‍ത്തീകരിക്കുന്നത്. ആലുവ മൂന്നാര്‍ റോഡില്‍ മരുത് കവലയില്‍ നിന്ന് ആരംഭിച്ചു ഓള്‍ഡ് മൂവാറ്റുപുഴ റോഡില്‍ കാഞ്ഞിരമുക്ക് പാലത്തിനു സമീപമാണ് ആദ്യ ഘട്ടം അവസാനിക്കുന്നത്.
4 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൂരം. 25 മീറ്റര്‍ വീതി റോഡിന് ഉണ്ടാകും. എംഎം റോഡില്‍ പാലക്കാട്ടുതാഴം പാലം വരെയാണു ബൈപാസ്. 60 പേരുടെ ഭൂമി പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തു.
2016ലെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലാണു പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ അനുവദിച്ചത്. പിപി റോഡില്‍ പച്ചക്കറി മാര്‍ക്കറ്റ് ഭാഗത്ത് മേല്‍പാലം വേണമെന്നു സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ കാലതാമസം ഒഴിവാക്കാനാണ് 2 ഘട്ടങ്ങളായി നിര്‍മിക്കുന്നത്. ബൈപാസിന്റെ രണ്ടാംഘട്ടത്തിനു ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ലാന്‍ഡ് റവന്യു കമ്മിഷണറില്‍ നിന്നും കൃഷി വകുപ്പില്‍ നിന്നും അനുമതി ലഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിനു രാജഗിരി കോളജ് ഓഫ് എന്‍ജിനീയറിങ് കോളജിനെയാണു നിയോഗിച്ചിട്ടുള്ളത്. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.