പെരുമ്പാവൂര്‍: പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 20 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങള്‍ ആണ് ലഭ്യമാക്കുന്നത്. ആശുപത്രി ശിശു സൗഹൃദമാക്കുന്നതിന് കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും കസേരകളും ഇതിനൊപ്പം നല്‍കും. ഇതില്‍ ആദ്യഘട്ടമായി വിവിധ ഉപകരണങ്ങള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി. പൊതുമേഖല സ്ഥാപനമായ കെല്ലിന് വേണ്ടി പെരുമ്പാവൂര്‍ സര്‍ജ്ജിക്കല്‍സ് ആണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
പ്രദേശികമായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടി അനുവദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കുള്ള ഫര്‍ണ്ണിച്ചറുകള്‍ ഉള്‍പ്പെടെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ വികസനം സാധ്യമാക്കുന്നത്. ലബോറട്ടറി ശീതികരിക്കും. ലബോറട്ടറിയില്‍ വിവിധ പരിശോധനക്കായുള്ള ഹോമോതോളജിക്കല് അനലൈസര്‍, യൂറിന്‍ അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍, റിയജന്റ്സ് എന്നിവ സ്ഥാപിക്കും. ഇമ്മ്യുണൈസേഷന്‍ മുറിയില്‍ വെയിംഗ് മെഷ്യന് മൈനര്‍ ഓപ്പറേഷന് തിയേറ്ററില്‍ ഐ.യു.ബി ഇന്‍സ്ട്രേമെന്റ് കിറ്റ്, സ്റ്റെറിലൈസിംഗ് ബോക്സ്, മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ട്രോളികള്‍, ടോര്‍ച്, സ്റ്റീല്‍ ബൗളുകള്‍, രോഗിക്കുള്ള ബെഡ്, രോഗിയെ നിരീക്ഷിക്കുന്നതിനുള്ള ബെഡ് എന്നിവയാണ് ആദ്യ ഘട്ടമായി ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്.
ഏകദേശം ഇരുന്നൂറോളം രോഗികള്‍ പ്രതിദിനം ഇവിടെ ചികില്‍സ തേടിയെത്തുന്നുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒക്കല്‍ ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. വയോജന കൗമാര ആരോഗ്യ ക്ലിനിക്ക്, ജീവിതശൈലീ വിഷാദ രോഗ, കാഴ്ച പരിശോധനാ ക്ലിനിക് എന്നി സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മിനി ഓപ്പറേഷന് തിയേറ്റര്‍, അഡ്മിനിസ്ട്രേഷന് ഓഫിസ്, മുലയൂട്ടുന്നതിനുള്ള സൗകര്യം, പോസ്റ്റ് ഓപ്പറേഷന് കെയര്‍ മുറി, സ്റ്റേറിലൈസേഷന് മുറി, സ്റ്റോര്‍ സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ മുറി, ഇമ്മ്യൂനൈസേഷന് മുറി, വിശ്രമ മുറി, ശുചിമുറികള്‍ എന്നിവ അടങ്ങുന്ന പുതിയ കെട്ടിടമാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും 88 ലക്ഷം രൂപ അനുവദിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
രോഗികള്‍ക്കുള്ള സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങിയവ ഉറപ്പു വരുത്തി ആരോഗ്യ കേന്ദ്രത്തിന് രാജ്യാന്തര അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എം.എല്‍.എ അറിയിച്ചു.


