കൊച്ചിയില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരന് പരുക്കേറ്റ സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഓടകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്കി മേയര്‍ ആര്യ രാജേന്ദ്രന്. സ്ലാബുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണം. ബലക്ഷയമുണ്ടെങ്കില്‍ പരിഹരിക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും നഗരസഭാ സെക്രട്ടറിക്ക് മേയര്‍ നിര്‍ദേശം നല്കി.
അതേസമയം, കൊച്ചി പനമ്പിളളിയിലെ അപകടമുണ്ടായ ഓടയുടെ ഭാഗത്ത് കമ്പിവേലി കെട്ടുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ച്ചക്കകം ഓടകള്‍ അടയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാനകള്‍ക്കും ഓടകള്‍ക്കും സ്ലാബിടുന്ന പ്രവൃത്തികള്‍ക്കുളള എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്ന് കോര്പറേഷന് എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ കുട്ടിക്ക് രക്തത്തില്‍ അണുബാധയുളളതിനാല് ആശുപത്രിയില്‍ തുടരുകയാണ്.
ബാരിക്കേഡ് വച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രണ്ടാഴ്ചക്കുളളില്‍ ഓടകള്‍ അടയ്ക്കണം. സ്ലാബിടാന്‍ പറ്റുന്നിടത്ത് സ്ലാബിടണം. പേരിനു വേണ്ടിയാകരുത് നടപടി. നടപ്പാതകളുടേയും ഓടകളുടേയും കാര്യത്തില്‍ കോര്പറേഷന് വീഴ്ചയുണ്ടായെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടറുടെ മേല്‍നോട്ടം എല്ലാത്തിലും വേണമെന്നും കോടതി നിര്‍ദേശിച്ചു.


