ഇടുക്കി ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ 64 കുടുംബങ്ങളിലെ 222 പേരെ മാറ്റിപ്പാര്‍പ്പിക്കും. ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളില്‍ 3 എണ്ണമാണ് ഇന്നു തുറക്കുക. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയാറണെന്നും ഷീബ ജോര്‍ജ് പറഞ്ഞു.
ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെ മീ വീതമാണ് ഉയര്‍ത്തുക. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകളാണ് ഉയര്‍ത്തുക. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കും. അതിനുശേഷം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നാമത്തെ ഷട്ടര്‍ ആദ്യം തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി 5 മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടര്‍ തുറക്കും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുകയെന്ന് ഷീബ ജോര്‍ജ് വ്യക്തമാക്കി.
ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


