തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരെ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. കൗണ്‍സിലര്‍മാര്‍ അജിത തങ്കപ്പന് പതിനായിരം രൂപ നല്‍കിയെന്ന് പന്ത്രണ്ടാം വാര്‍ഡിലെ കൗണ്‍സിലര്‍ വി.ഡി. സുരേഷ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് നല്കിയ കവറിലെ പണം താന്‍ നേരിട്ട് കണ്ടു. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടെന്നും വി.ഡി. സുരേഷ് പറഞ്ഞു.
കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയിട്ടില്ലെന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്. കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്കിയെന്നു പറയുന്നതും കളവ്. കവറിലുണ്ടായിരുന്നത് പേരോ ഒപ്പോ ഇല്ലാത്ത പരാതിയെന്നും അജിത തങ്കപ്പന് പറഞ്ഞു.
തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം 43 കൗണ്‍സിലര്‍മാര്‍ക്കും പതിനായിരം രൂപ നഗരസഭാ ചെയര്‍പേഴ്സണ്‍ വെറുതെ നല്‍കിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്കി. ചെയര്‍പേഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്കി.


