മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുൻ എം എൽ.എ എൽദോ എ ബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ, എരപ്പ് പാറ, കൂരംകുന്ന് ഈറ്റക്കൊമ്പ് പള്ളി ഭാഗം, വാർഡ് 7 ലെ 49ാം നമ്പർ അങ്കണവാടി,ആവോലി പഞ്ചായത്തിൽ എലുവിച്ചിറ, കാവന, തണ്ടുംപുറം, മഞ്ഞള്ളുർ പഞ്ചായത്തിലെ പാണ പാറ, തെക്കുംമല,ചാറ്റു പാറ, എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
കുന്നപ്പിള്ളി മല, ഓലിപ്പാറ,മുളവൂർ കൊള്ളിക്കാട്ട്, കക്കാട്ടുമല, കുന്നയ്ക്കാൽ , ഏഴിമല, മാനാറി, തേരാപ്പാറ എന്നിവിടങ്ങളിലും ജലക്ഷാമം മൂലം സാധാരണക്കാർ പ്രയാസപ്പെടുകയാണ്.
ജല ജീവൻ മിഷൻ പദ്ദതിയുടെ പ്രവർത്തനങ്ങൾക്ക് വേഗത ഇല്ലാതെ പാതിവഴിയിലാണ്. ഗ്രാമീണ റോഡുകളിൽ പൈപ്പ് സ്ഥാപിച്ചതല്ലാതെ വെളളം എത്തിക്കാൻ ആവശ്യമായ നടപടികളിൽ പുരോഗതി ഇല്ല. ആയിരക്കണക്കിന് പുതിയ കണക്ഷൻ കൊടുക്കാൻ നിശ്ചയിച്ചെങ്കിലും ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയോ, ജലലഭ്യത ഉറപ്പാക്കുന്ന കാര്യങ്ങളിലോ ഇനിയും തീരുമാനം ആയിട്ടില്ല.
പാലക്കുഴ പഞ്ചായത്തിൽ പുതുതായി പണിത മാറിക-തോട്ടക്കര, മൂങ്ങാംകുന്ന് – വടക്കൻ പാലക്കുഴ , പണ്ടപ്പിള്ളി – കൂത്താട്ടുകുളം റോഡുകൾ മുറിച്ചാൽ മാത്രമേ പൈപ്പ് ഇടുന്ന നടപടികൾ പൂർത്തീകരിക്കാൻ കഴിയു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള ഏകോപനം ഇല്ലായ്മ മൂലം നൂറ് കണക്കിന് കുടുംബങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കല്ലൂർക്കാട് പഞ്ചായത്തിലെ വാർഡ് 7-ൽ ജലജീവൻ മിഷൻ വഴി മണിയന്ത്രം കുന്നിയോട് 3 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്ക് പണിയുന്നതിനുള്ള നടപടികൾക്ക് വേഗത ഇല്ല. കല്ലൂർക്കാട് പഞ്ചായത്തിൽ വീടുകിൽ വെള്ളം എത്തുന്നത് ശരാശരി 7 മുതൽ 9 ദിവസത്തിനിടെ ഒരിക്കൽ മാത്രമാണ്. നിയോജക മണ്ഡലത്തിലെ പ്രാദേശിക കുടിവെള്ള പദ്ദതികളാകട്ടെ വിവിധങ്ങളായ പ്രതിസന്ധികളെ നേരിടുകയാണ്. ഇത്തരം പ്രാദേശിക പദ്ധതികൾക്ക് ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചു.
പൈങ്ങോട്ടൂർ പഞ്ചായത്തിന് സംസ്ഥാന സർക്കാർ 2017-ൽ 28 കോടി രൂപ അനുവദിച്ച ഗ്രാമീണ കുടിവെള്ള പദ്ദതിയുടെ നിർമ്മാണ .പ്രവർത്തനം എത്രയും വേഗം ആരംഭിക്കണമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് മുൻ എം.എൽ എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യം കണക്കാക്കി പഞ്ചായത്തുകളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ ജില്ലാ കളക്ടർ മുൻകൈ എടുക്കണമെന്നും,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശുദ്ധജലക്ഷാമം പരിഹരിക്കാൻ നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നും എൽദോ എബ്രഹാം ആവശ്യപെട്ടു.


