കൊച്ചി: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഏക്കറ് കണക്കിന് വരുന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കൊച്ചി നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രദേശത്ത് പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ലാടനം ചെയ്തു.
അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിന് സമീപം വേമ്പനാട് കായലിനോട് ചേര്‍ന്ന് ടണ്‍ കണക്കിന് വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇവിടത്തെ മാലിന്യ നിക്ഷേപത്തിനെതിരെ മേയറോട് പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വേമ്പനാട് കായലിന്റെ തീരത്തോട് ചേര്‍ന്ന് ഗുരുതരമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന രീതിയിലാണ് ഇപ്പോള്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമത്തിന് എതിരായി ഇത്തരം മാലിന്യ നിക്ഷേപങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തത് നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
ഹീല്‍ പദ്ധതിയുടെ ഭാഗമായി ശുചിത്വ നഗരം ഉറപ്പാക്കുകയെന്ന പ്രഖ്യാപനം മേയര്‍ നടത്തുമ്പോഴും ഇത്തരം ഗൗരവകരമായ നിയ ലംഘനം കണ്ടില്ലെന്ന് നടിക്കുന്നത് മേയര്‍ക്ക് ഭൂഷണമല്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രതിഷേധത്തിന് ഡിവിഷന് കൗണ്‍സിലര്‍ ടിബിന്‍ ദേവസി അധ്യക്ഷത വഹിച്ചു. പാര്‍ലെമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടില്‍, വി.കെ. മിനിമോള്‍, ഹെന്‍ട്രി ഓസ്റ്റിന്‍, ലൈല ദാസ്, എ.ആര്.പത്മദാസ്, അഭിലാഷ് തോപ്പില്‍, ജീജ ടെന്‍സന്‍, ബാസ്റ്റിന് ബാബു, ബെന്‍സി ബെന്നി, കെ.എം.മനാഫ്, മിന്ന വിവേര എന്നിവര്‍ പങ്കെടുത്തു.


