ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കെഎംആര്‍എല്‍ സംഘടിപ്പിക്കുന്ന ഫ്രോസ്റ്റി ഫെസ്റ്റിന് വര്‍ണ്ണ ശബളമായ തുടക്കം. ഇന്ന് നടന്ന സ്റ്റാര്‍ മേക്കിംഗ് മത്സരത്തില്‍ പങ്കെടുക്കാനായി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് മത്സരാര്‍ത്ഥികളെത്തി. തൃക്കാക്കര കാരിമക്കാട് സ്വദേശി അഞ്ച് വയസ്സുകാരി സയാനാ പര്‍വീണ്‍ ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി.
മറ്റൊരു മത്സരാര്‍ത്ഥിയായെത്തിയ സയാനയുടെ മുത്തശ്ശി റസീല അബ്ദുള്‍ ഖാദറിന് നല്ലൊരു മത്സരമാണ് സയാന നല്‍കിയത്. മത്സരഫലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
കൊച്ചിക്കാര് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കരോള്‍ ഗാന മത്സരം പത്തൊന്പതിന് വൈറ്റില, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളില്‍ നടക്കും. 11 ടീമുകളാണ് കരോള്‍ ഗാന മത്സരത്തില്‍ പങ്കെടുക്കുന്നത്. വൈറ്റില സ്റ്റേഷനില്‍ വൈകിട്ട് മൂന്ന് മുതല്‍ നാല് മണി വരെയും ഇടപ്പള്ളി സ്റ്റേഷനില്‍ 5 മുതല്‍ ആറ് മണിവരെയുമാണ് മത്സരം.
കരോള്‍ ഗാന മത്സര വിജയികള്‍ക്ക് 10,000, 7500, 5000 രൂപ വീതം സമ്മാനം ലഭിക്കും. പുല്‍ക്കൂട് നിര്‍മ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം, സാന്റാ ക്ളോസ് ഫാന്‍സി ഡ്രസ്, കേക്ക് മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും വരും ദിവങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും www.kochimetro.org സന്ദര്‍ശിക്കുക.


