കോട്ടയം: മന്ത്രിമാരോടും ഭരണ പക്ഷ എംഎല്‍എമാരോടും അതിരുവിട്ട രാഷ്ട്രീയ ചങ്ങാത്തം വേണ്ടെന്നു കോണ്‍ഗ്രസ് ജനപ്രതിനിധികളോടു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. ഇതു സംബന്ധിച്ച് ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കും സുരേഷ് സര്‍ക്കുലര്‍ അയച്ചു.
കഴിഞ്ഞ ആഴ്ചയില്‍ മന്ത്രി വി.എന്‍. വാസവന് ഏറ്റുമാനൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര പങ്കെടുത്തത് വിവാദമായിരുന്നു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കും അനീതിക്കും എതിരെ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ പോരാട്ടത്തിലാണ്. പിണറായി സര്‍ക്കാര്‍ കേരളത്തെ നശിപ്പിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട സാഹചര്യത്തില്‍ ഭരണപക്ഷ എംഎല്‍എമാരോടും മന്ത്രിമാരോടും രാഷ്ട്രീയ അകലം പാലിക്കാന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം.
ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും നടത്തുന്ന പത്രസമ്മേളനങ്ങളിലോ അവരുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്ന യോഗങ്ങളിലോ, സര്‍ക്കാരിന്റെ ഏതെങ്കിലും ഭരണപരമായ ആഘോഷങ്ങളിലോ, പങ്കെടുക്കേണ്ട ആവശ്യമില്ല. അവരെ കാണേണ്ടി വന്നാല്‍ മണ്ഡലം ബ്ലോക്ക് പ്രസിഡന്റ്, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റ് ഇവരുടെ ആരുടെയെങ്കിലും അനുവാദത്തോടു കൂടി മാത്രമേ പാടുള്ളൂ എന്നും അദേഹം പറഞ്ഞു.


