മൂവാറ്റുപുഴ: വിലതകര്‍ച്ചയിലും സര്‍ക്കാര്‍ അവഗണനയിലും പ്രതിഷേധിച്ച് വാഴക്കുളം പൈനാപ്പിള്‍ കര്‍ഷകര്‍ 10001 പൈനാപ്പിള്‍ സൗജന്യമായി തൃക്കാക്കരയില്‍ വിതരണം ചെയ്തു. അദ്ധ്വാനത്തിന്റെ, വിയര്‍പ്പിന്റെ വില സന്തോഷത്തോടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു കര്‍ഷക പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തൃക്കാക്കരയിലുള്ള മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായാണ് വാഴക്കുളത്ത് നിന്നും ഇവിടെയെത്തി പൈനാപ്പിള്‍ വിതരണം നടത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.
മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൈനാപ്പിളിന് വിലയില്ലാതായതും വാങ്ങാനാളില്ലാതായതോടെയും ദുരിതത്തിലായ കര്‍ഷകരാണ് വേറിട്ട പ്രതിഷേധം ഒരുക്കിയത്. സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് പൈനാപ്പിള്‍ കര്‍ഷകരുമായി സംസാരിച്ചു. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സതീശന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്കി.
വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലും തോട്ടങ്ങളിലും ദിവസേനെ പഴുത്തളിഞ്ഞ് പോകുന്നത് ടണ്‍കണക്കിന് പൈനാപ്പിളാണ്. കുറഞ്ഞവിലക്കൊപ്പം തോരാമഴയും പൈനാപ്പിള്‍ വില്‍പ്പനയെ ഇക്കുറി കാര്യമായി ബാധിച്ചു. കര്‍ഷകരുടെ കോടികളാണ് ഇക്കുറി നഷ്ടമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ കേന്ദ്രങ്ങള്‍ വഴിയുള്ള പൈനാപ്പിള്‍ വാങ്ങല്‍ കാര്യമായി നടന്നില്ല. വാങ്ങിയതിന് നല്കുന്നതാകട്ടെ കുറഞ്ഞവിലയും. ഇതോടെ തോട്ടങ്ങളില്‍ തന്നെ പൈനാപ്പിള്‍ കുഴിച്ചുമൂടുകയാണ് കര്‍ഷകര്‍.
നിലിവില്‍ 18,000-ഓളം ഹെക്ടറിലാണ് സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷി നടക്കുന്നത്. 5000-ത്തിനുമേല്‍ കര്‍ഷകര്‍ ഈ രംഗത്തുണ്ട്. പ്രതിവര്‍ഷം 6 ലക്ഷം ടണ്‍ പൈനാപ്പ്ളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ 8-10 വര്‍ഷമായി വര്‍ഷം തോറും ശരാശരി 1500 കോടി രൂപ മതിയ്ക്കുന്ന പൈനാപ്പ്ളാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ഹെക്ടറിന് ഏതാണ്ട് 7 ലക്ഷം രൂപ ഉല്പ്പാദനച്ചെലവു വരും.
കിലോക്ക് 5 -10 രൂപ വിലയാണ് ലഭിക്കുന്നത്. വാങ്ങാനാരും എത്താതായതും അപ്രതിക്ഷിത മഴയും മൂലം ദുരിതത്തിലായ കര്ഷകന് സഹായകമായ നിലപാടുകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വാഴക്കുളത്തെ വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തനിയേ വിളഞ്ഞു പഴുക്കുന്ന സമയമാണ്. ഇതിനൊപ്പം മഴയും എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ണെന്നു കര്‍ഷകര്‍ പറയുന്നു. പൈനാപ്പിള്‍ സംഭരണം കാര്യക്ഷമമാക്കി കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.