ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെടുന്നത്.
പാര്ലമെന്റേറിയന് എന്ന നിലയിലും സംഘടന പ്രവര്ത്തകന് എന്ന നിലയിലും പി. രാജീവിന്റെ പ്രവര്‍ത്തന മികവിന് ജില്ല പലവട്ടം നേര്‍സാക്ഷ്യം വഹിച്ചു.. വിസ്മരിക്കാനാകാത്ത പ്രകടന മികവിന്റെ പിന്‍ബലത്തില്‍ വീണ്ടും ജില്ലയുടെ സാരഥ്യം ഏറ്റെടുക്കുകയാണ് പി.രാജീവ്.
1967 ല്‍ തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ പി.വാസുദേവന്റെയും രാധ വാസുദേവന്റെയും മകനായി ജനിച്ചു. ബി.എ, എല്‍.എല്‍.ബി, ഡിപ്ലോ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എന്നിവയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജീവിത കാലഘട്ടത്തില്‍ നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പി. രാജീവ്. 2009 ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്മാന് പാനലില്‍ അംഗം. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളായ അഡൈ്വസറി കമ്മിറ്റി, പെറ്റിഷന്‍സ് കമ്മിറ്റി ,ഫിനാന്‍സ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി, ഇന്‍ഷൂറന്‍സ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എന്‍ എല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷന് ബില്ല് സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
ഇന്ത്യന്‍ കയര്‍ബോര്‍ഡ് അംഗം, രാജ്യസഭയിലെ സി.പി.ഐ.എം ചീഫ് വിപ്പ്, സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015, 16 വര്‍ഷങ്ങളിലെ നവ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് പരിശീലനം നല്കുന്ന അധ്യാപക പാനലില്‍ അംഗം. നിലവില്‍ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2016 ലെ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സദ് രത്ന പുരസ്കാരം. എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂള്‍ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം, 2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുള്ള മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ സ്മാരക പുരസ്കാരം, 2014 ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എ.സി. ഷണ്മുഖദാസ് പുരസ്കാരം, 2010 ല്‍ സി.പി.എം സ്മാരക പുരസ്കാരം, 2006ല്‍ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വര്‍മ്മ പുരസ്കാരം, 2017 ലെ സഫ്ദര്‍ ഹാഷ്മി പുരസ്കാരം, എന്നിവക്ക് അര്‍ഹനായിട്ടുണ്ട്.
നേരത്തെ നിരവധി മേഖലകളില്‍ അദ്ദേഹം ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സി.പി.ഐ.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡന്റ് എഡിറ്റര്‍, കേരള സര്‍ക്കാരിന്റെ പ്രസ് അക്രഡിറ്റേഷന് കമ്മിറ്റി അംഗം, കോഴിക്കോട് സര്‍വകലാശാല ജേര്‍ണലിസം വകുപ്പ് ബോര്‍ഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, റിസര്‍ച്ച് ചീഫ് എഡിറ്റര്‍, സ്റ്റുഡന്റ് മാസിക എഡിറ്റര്‍, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
രാജ്യസഭാ ചരിത്രത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി. നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോര്‍ട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
എംപി ഫണ്ട് ഉപയോഗിച്ച് ശ്രദ്ധേയമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികള്‍ നടപ്പിലാക്കുന്ന ആശയം പ്രാവര്‍ത്തികമാക്കി. ആലുവ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ 25 മെഷീനുകളോടു കൂടി ആരംഭിച്ചു. ഇവിടെ ഡയാലിസിസ് സൗജന്യമാണ്. അമ്പതിനായിരം ഡയാലിസിസുകള്‍ ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാനിംഗ് സെന്റര്‍ സ്ഥാപിച്ചു. ഇവിടെ 1500 രൂപയ്ക്ക് എംആര്‍ഐ സ്കാന്‍ സാധ്യമാകുന്നുണ്ട്. എറണാകുളം ജില്ലാ ആശുപത്രിയില്‍ എല്ലാ രോഗികള്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുള്ള ഡയറ്ററി കിച്ചന് സ്ഥാപിച്ചു.
10 കോടി രൂപ ചെലവില്‍ മറ്റ് എംപിമാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ റേഡിയേഷനുള്ള ലീനിയര്‍ ആക്സിലേറ്റര്‍ സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഇ- ടോയ്ലറ്റും വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റുകളും 2010 ശുചി അറ്റ്സ്കൂള്‍ പദ്ധതി പ്രകാരം നടപ്പിലാക്കി.
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് റീച്ച് ടു സ്കൂള്‍ പദ്ധതി പ്രകാരം 23 ഇ- സേഫ്റ്റി സ്കൂള്‍ ബസുകള്‍ അനുവദിച്ചു.കളമശ്ശേരിയില്‍ 10 കോടി രൂപ ചിലവാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ മോഷന്‍ സ്റ്റിമുലേറ്റര്‍ ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്ക് സിറ്റി, നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യന്ത്രവല്‍കൃത മുച്ചക്രവാഹനം നല്കി.
2013 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയര്മാന് ഡോക്ടര്‍ ഹമീദ് അന്‍സാരിയും ചൈനീസ് വൈസ് പ്രസിഡന്റും തമ്മിലുള്ള ഉപയകക്ഷി ചര്‍ച്ചയ്ക്കുള്ള സംഘത്തില്‍ അംഗമായിരുന്നു. 2011-ലെ സ്വീഡന് ഡെന്മാര്ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ലോകസഭാ സ്പീക്കറിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സംഘത്തില്‍ അംഗമായിരുന്നു. 2006 ബ്രസീലില്‍ നടന്ന ഐബിഎസ്എ സബ്മിറ്റില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തില്‍ അംഗമായിരുന്നു.
2005 ലെ സ്കോട്ട്ലന്‍ഡില്‍ നടന്ന ജി-8 മീറ്റില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തില്‍ അംഗമായിരുന്നു. 2015 കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് അസോസിയേഷന്റെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സന്ദര്‍ശിച്ചു. 1997 നും 2010 ലും ഹവാനയില്‍ ലും സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോക യുവജന വിദ്യാര്‍ത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളില്‍ വ്യതിയാനങ്ങള്‍, കാഴ്ചവട്ടം, പുരയ്ക്കു മേല്‍ ചാഞ്ഞ മരം, 1957 ചരിത്രവും വര്‍ത്തമാനവും, എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തര കാലത്തെ പ്രതീതി നിര്‍മ്മാണം, ഭരണഘടന ചരിത്രവും വര്‍ത്തമാനവും എന്നിവ പ്രധാന കൃതികളാണ്. ദി ഹിന്ദു ഇന്ത്യ ടുഡേ ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ വിവിധ സമകാലീന പ്രസിദ്ധീകരണങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി, കനിവ് ഭവന പദ്ധതി, കനിവ് പാലിയേറ്റീവ് കെയര്‍ സ്ഥാപനം, കനിവ് ആക്ഷന്‍ ഫോഴ്സ് എന്നിവ സാമൂഹികപുരോഗതിക്ക് ജില്ലയില്‍ സഹായകമായി.
എംപി ആയിരിക്കുമ്പോള്‍ നടപ്പിലാക്കിയ ഇ-ടോയ്ലറ്റ് പദ്ധതിക്ക് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പൊതുമേഖലയിലെ നവീന പദ്ധതി ക്കുള്ള പുരസ്കാരം ലഭിച്ചു. ആലുവ ജില്ലാ ആശുപത്രി എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവയുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഫണ്ട് പൊതുമേഖല സ്വകാര്യമേഖല സ്ഥാപനങ്ങളുടെ സി എസ് ആര് ഫണ്ട് വ്യക്തികളുടെ സംഭാവനകളും ചേര്‍ത്ത് നടപ്പിലാക്കിയ എം.പി. ഫണ്ട് പദ്ധതി രാജ്യത്തിന് മാതൃകയാവുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
കൊച്ചിയുടെ തിലകക്കുറിയായ മെട്രോയുടെ നിര്‍മ്മാണം ഇ. ശ്രീധരന്റ നേതൃത്വത്തില്‍ ഡിഎംആര്‍സിയെ കൊണ്ട് നടപ്പിലാക്കുന്നതിനു സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതിന് സാധിച്ചു.
കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കളാണ്.


