ആലപ്പുഴ : മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി അമ്മ സജിതയുടെ ബന്ധുക്കള്‍. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയന് നടത്തിയത്. കുട്ടികള്‍ മരിച്ചത് വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ ഉച്ചവരെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ലെന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അമ്മ സജിതയുടെ ബന്ധുക്കള്‍. കഴിഞ്ഞ 16ന് സിസേറിയന് നിശ്ചയിച്ചതാണ്. എന്നാല്‍ വേദനയില്ലെന് പറഞ്ഞ് മാറ്റി വെച്ചു. ഇന്നലെ ഉച്ചക്ക് ഒരു കുഞ്ഞിന് അനക്കം ഇല്ലാതായി.
തൊട്ടുമുമ്പ് സജിത ആഹാരം കഴിച്ചെന്ന് പറഞ്ഞ് സിസേറിയന് തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ചെയ്യാം എന്നാണ് പറഞ്ഞത്. പിന്നീട് എട്ടരയ്ക്കാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചതായി അറിയിക്കുന്നത്. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയന് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തില്‍ മരിച്ചത്. ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നാല് ദിവസം മുമ്പായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ തന്നെ കുട്ടികള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. മരണ കാരണം ട്വിന്‍ ടു ട്വിന്‍ ട്രാന്സ്ഫ്യുഷന് സിന്‍ഡ്രോം ആണ്. ഒരു മറുപിള്ളയില് നിന്ന് ഇരട്ടക്കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണതയാണ് മരണത്തിന് കാരണമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.


