മൂവാറ്റുപുഴ: കേരള മോട്ടോര്‍ വാഹന വകുപ്പില്‍ കമ്പ്യൂട്ടറൈസേഷന്- ഫാസ്റ്റ് പ്രോജക്ടില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കാന്‍ ശ്രമം. സിഡിറ്റ് വര്‍ഷങ്ങളായി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഫാസ്റ്റ് പ്രൊജക്റ്റാണ് സ്വകാര്യ കമ്പനികളിലേക്ക് മറിച്ചു കൊടുക്കുന്നത്. പത്തു വര്‍ഷമായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഗവണ്മെന്റ് പ്രോജക്ടുകളില്‍ ഒന്നായ ഫാസ് പ്രോജക്ടിനെ ദുര്‍ബലപ്പെടുത്തി ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്ത സ്വകാര്യ കമ്പനികള്‍ക്കായി മാറ്റി നല്‍കാനാണ് ശ്രമം. വകുപ്പിലെ ചില ഉദ്യോഗസ്ഥ വൃന്ദങ്ങളാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മുഴുവനും പരിവാഹന്‍ പോര്‍ട്ടലിലേക്കു മാറുന്ന സാഹചര്യവും, ഫാസ്റ്റ് പ്രൊജക്റ്റ് കാലാവധി തീരുന്നതും കണക്കാക്കി കോവിഡിന്റെ മറവിലാണ് ഈ നീക്കങ്ങള്‍. ടെന്‍ഡര്‍ നടപടികളില്‍ മായം ചേര്‍ത്താണ് പ്ലാസ്റ്റിക് കാര്‍ഡ് പ്രിന്റിംഗ് കെബിപിഎസ്നും, കംപ്യൂട്ടര്‍ ഹാര്‍ഡ് വയര്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പിനു സര്‍വീസ് ചാര്‍ജിനത്തിലുള്ള വരുമാനമാണ് സിഡിറ്റിന് സര്‍വീസ് ചാര്‍ജായി ലഭിക്കുന്നത്.
സിഡിറ്റ് പൊതുമേഖല സ്ഥാപനമായതു കൊണ്ട് തന്നെ ഇത് സര്‍ക്കാര്‍ ഖജനാവിലേക്കാണ് എത്തുന്നത്. ഈ പ്രോജക്റ്റ് സ്വകാര്യ വത്കരിക്കുന്നതിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന വലിയൊരു ശതമാനം വരുമാനമാണ് സ്വകാര്യ കമ്പനികളിലേക്ക് പോവുന്നത്. കൂടാതെ ഈ പ്രോജക്ടില്‍ ജോലിചെയ്യുന്ന 200 ഓളം ജീവനക്കാരുടെ ജോലിയും നഷ്ട്ടപെടും. നല്ല നിലയില്‍ നടന്നു പോവുന്ന ഈ പ്രോജക്ടിനെ ഇത്തരത്തില്‍ സ്വകാര്യ വത്കരിക്കുന്നത് പൊതുമേഖലയെ തകര്‍ക്കുന്നതാണെന്നും ആയതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് സിഡിറ്റിന്റെ സംരക്ഷിക്കുന്നതിനും, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും സിഡിറ്റ് എംപ്ലോയീസ് ഫെഡറേഷന് (എ.ഐ.റ്റി.യു.സി) സംസ്ഥാന പ്രസിഡണ്ട് കെ.ജി. ശിവാനന്ദന് അഭിപ്രായപ്പെട്ടു


