കൊച്ചി: അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിനൊപ്പം എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൈദ്യുതി ലഭ്യമല്ലാതിരുന്ന 49 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു. ശേഷിക്കുന്ന ആറെണ്ണം ഉടന്‍ തന്നെ വൈദ്യുതീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഇതില്‍ ആലങ്ങാട് ഐ.സി.ഡി.എസിനു കീഴിലുള്ള അങ്കണവാടിയില്‍ സോളാര്‍ പാനലുകള്‍ ആയിരിക്കും സ്ഥാപിക്കുന്നത്. ഈ ആറ് അങ്കണവാടികള്‍ കൂടി വൈദ്യുതീകരിക്കുന്നതോടെ ജില്ലയിലെ 100 ശതമാനം അങ്കണവാടികളിലും വൈദ്യുതി ലഭ്യമാവും.
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ 2858 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നു വരികയാണ്. നിലവില്‍ 70 അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണമാണ് നടക്കുന്നത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
ജില്ലയിലെ 2026 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 670 അങ്കണവാടികള്‍ വാടക കെട്ടിടങ്ങളിലും 17 എണ്ണം വാടക രഹിത കെട്ടിടങ്ങളിലും 44 എണ്ണം മറ്റു കെട്ടിടങ്ങളിലും ആണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയും എല്ലാ അങ്കണവാടികള്‍ക്കും ഉറപ്പാക്കും.


