മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ജനം നേരിട്ടിറങ്ങിയപ്പോള്‍ മന്ത്രിയുടെ സത്വര ഇടപെടല്‍. മൂവാറ്റുപുഴ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കുന്നതിനുള്ള യോഗം ഇന്ന് മൂവാറ്റുപുഴയില്‍ ചേര്‍ന്നു. ജനങ്ങളും ജനപ്രതിനിധികളും മന്ത്രിയും ഒന്നിച്ചാണ് ഈ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു മുന്നിലാണ് സാധാരണയില്‍ നിന്നു വ്യത്യസ്തമായി ജനങ്ങള്‍ നിര്‍ദേശങ്ങളുമായി നേരിട്ടെത്തിയത്. ഇത് വ്യത്യസ്തമായ അനനുഭവമായി.
മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ 11 പ്രളയത്തെക്കുറിച്ച് പഠിക്കുന്നതിനായി ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നു. അഭിപ്രായം സ്വരൂപിക്കുന്നതിനായി മുഴുവന്‍ ജനങ്ങള്‍ക്കുമായി നവംബര്‍ 13ന് ഒരു ഓണ്‍ ലൈന്‍ മീറ്റിങ്ങും സംഘടിപ്പിച്ചിരുന്നു.കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനപ്രതി നിധികളും ഉദ്യോഗസ്ഥരും, ഡാമുകളെക്കുറിച്ച് ശസ്ത്രീയമായി പഠിച്ചവര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധികള്‍, പൊതുജനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി ഈ വിവിധ ഘട്ടങ്ങളില്‍ സംവദിച്ച് വിശദമായ അഭിപ്രായം ശേഖരിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളുമായാണ് ജനങ്ങളും ജനപ്രതിനിധികളും മന്ത്രിക്കും ജലവിഭവ, വൈദ്യുത, റവന്യൂ ഉന്നത ഉദ്യോഗസ്ഥ മേധാവികള്‍ക്കു മുന്നിലും അവരുടെ അഭിപ്രായങ്ങളുമായെത്തിയത്.
വിഷയത്തെക്കുറിച്ച് ജനങ്ങള്‍ തന്നെയാണ് ആദ്യം സംസാരിച്ചത്. വിഷയത്തില്‍ ദീര്‍ഘമായ ചര്‍ച്ച തന്നെ നടന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരം നല്കി. പലപ്പോഴും ജനങ്ങളുടെ ചോദ്യത്തിനു മുന്നില്‍ ഉദ്യോഗസ്ഥമേധാവികള്‍ പതറിയപ്പോള്‍ മന്ത്രി വിഷയത്തില്‍ സമര്‍ഥമായി ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് മന്ത്രി സത്വരനടപടിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കാന്‍ മുന്നോടിയായി എടുക്കേണ്ട നടപടികള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേര്‍ക്കും. ജനങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന പ്രശ്നമാണ് ചെക്ക് ഡാമിന് ഷട്ടര്‍ ഇല്ല എന്നത്.
ഇത് ഇന്നത്തെ യോഗത്തില്‍ മന്ത്രിക്കു ബോധ്യപ്പെടുകയും ചെക്ക് ഡാമിന്റെ ഷട്ടര്‍ പിടിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരുമാസത്തതിനുള്ളില് തയാറാക്കി റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. മൂവാറ്റുപുഴയിലെ തോടുകളിലെയുും നദികളിലെയും എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മലങ്കര ഡാമിന്റെ ബലക്ഷയം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്യു കുഴല്നാടന് എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ പോലെതന്നെ മലങ്ക ഡാമും ആശങ്കയുണ്ടാക്കുന്നുണ്ട്. ഡാം സുരക്ഷ അതോറിറ്റിയുടെ ചെയര്മാന് തന്നെ മലങ്കര ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ സത്വര നടപടിയുണ്ടാകണമെന്ന് ഡോ. കുഴല്നാടന് മന്ത്രി റോഷിയോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മന്ത്രിക്കും എംഎല്‍എയ്ക്കും പുറമേ മൂവാറ്റുപുഴയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്ുമാര്‍, മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വകുപ്പു മേധാവിമാരും യോഗത്തിനെത്തിയിരുന്നു. മൈനര്‍ ഇറിഗേഷന്‍, കെഎസ്ഇബി ജനറേഷന് വിഭാഗം, ഐഡിആര്‍ബി, ഡി സെന്‍ട്രലൈസേഷന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡി സെന്‍ട്രലൈസേഷന്‍ എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നെത്തി യോഗത്തില്‍ പങ്കെടുത്ത് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി.


