കൊച്ചി: എറണാകുളം എംജി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ കൈയ്യേറിയ കോടിക്കണക്കിന് രൂപയുടെ ഭൂമി തിരിച്ച് പിടിക്കാന്‍ കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയില്‍ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് നീക്കം. ഭരണത്തിന്റെ അവസാന ലാപ്പില്‍ ഊര്‍ജ്ജിതമാക്കിയ നടപടികള്‍ക്ക് പക്ഷേ കോടതിയില്‍ നിന്ന് കൂടി അനുമതി കിട്ടണം. 16 സെന്റ് ഭൂമി കൈയ്യേറിയവര്‍ നേടിയ സ്റ്റേ ഒഴിവാക്കാന്‍ പോലും സാധിക്കാത്തത് നഗരസഭയുടെ പിടിപ്പുകേട് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇവിടെ കൈയേറ്റം ഒഴിപ്പിച്ചു മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഒരുക്കാന്‍ തീരുമാനിച്ച നഗരസഭയുടെ പദ്ധതി പാതി വഴിയിലാണ്. പലപ്പോഴായി കൈയേറ്റം ഒഴിപ്പിക്കുകയും എന്നാല്‍ നഗരസഭയ്ക്ക് സ്വന്തമായി പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാത്തതുമായ ഭൂമിയാണിത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴിയായും പാര്‍ക്കിംഗ് സ്ഥലമായും ഇത് ഉപയോഗിച്ചിരുന്നു. ചിലര്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി.
ജേക്കബ്സ് ഡിഡി മാള്‍ മുതല്‍ ഷേണായീസ് വരെയുള്ള പ്രദേശങ്ങളിലാണ് കൈയ്യേറ്റങ്ങള്‍. കൈയ്യേറ്റം ഒഴിപ്പിച്ച് ഇവിടെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കോംപ്ലക്സ് പണിയണമെന്ന് നഗരസഭ പദ്ധതിയിട്ടിട്ട് വര്‍ഷം പലതായി. കയ്യേറ്റക്കാരുമായി തര്‍ക്കമാകുകയും ഇതോടെ നഗരസഭയുടെ നടപടികള്‍ക്കെതിരെ ഇവര്‍ കോടതിയില്‍ നിന്ന് സ്റ്റേ നേടുകയുമായിരുന്നു. സമയം പരിമിതമെങ്കിലും നടപടികള്‍ കടുപ്പിക്കുമെന്നാണ് കൊച്ചി മേയര്‍ പറയുന്നത്.
കാലങ്ങളായി തര്‍ക്കത്തില്‍പ്പെട്ട് കിടക്കുന്ന സ്ഥലത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അപ്പോഴേക്കും പരിസരത്തുള്ള കടയുടമകള്‍ കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഭരണത്തിന്റെ അവസാന ലാപ്പിലാണെങ്കിലും നടപടികള്‍ കടുപ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയിന് വ്യക്തമാക്കി.
എന്നാല്‍ നഗരസഭയുടെ പിടിപ്പുകേട് കൊണ്ടുമാത്രമാണ് സ്ഥലം ഇത്ര കാലം അന്യാധീനപ്പെട്ടതെന്നും കൈയേറ്റക്കാരുടെ സ്റ്റേ ഒഴിവാക്കാന്‍ പോലും നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കെജെ ആന്റണി ആരോപിച്ചു.
നഗരസഭാഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവസാനിക്കെ മേയറുടെ സന്ദര്‍ശനം കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. നിയമപ്രകാരം സ്ഥലമെറ്റെടുക്കാന്‍ ഇനി നഗരസഭയ്ക്ക് കോടതി കൂടി അനുകൂലമാകണം.


