കലവൂരില്‍ വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ശിവകൃപയില്‍ ഗോപന് (51) ആര്യാട് പോത്തശ്ശേരി അനില്‍ കുമാറിന്റെയും അശ്വതിയുടെയും മകള്‍ മഹാലക്ഷ്മി എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വേമ്പനാട്ടു കായലില്‍ ചാരംപറമ്പ് ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ രാത്രിയാണ് സംഭവം.
ഗോപന്റെയും അനില്‍കുമാറിന്റെയും വീടുകള്‍ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനില്‍കുമാറിന്റെ വീട്ടിലെത്തി ഗോപന് മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.
രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്.
ഗോപന് വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപന് പുറത്തു പോകാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. കാല്‍വഴുതി കായലില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കള്‍: അഭിരാമി, ആദര്‍ശ്.

