മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കുന്നതിനുള്ള മന്ത്രിതല യോഗം നാളെ ചേരും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, മൈനര്‍ ഇറിഗേഷന്‍, കെഎസ്ഇബി ജനറേഷന് വിഭാഗം, ഐഡിആര്‍ബി, ഡി സെന്‍ട്രലൈസേഷന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡി സെന്‍ട്രലൈസേഷന്‍ എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നതിനായി നാളെ മൂവാറ്റുപുഴയിലെത്തും.
മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ 11 ന് പ്രളയത്തെക്കുറിച്ച് പഠിക്കുന്നതിനായി വിവിധ മേഖലകളിലുള്ളവരുമായി സംസാരിച്ച് അഭിപ്രായ സ്വരൂപണം നടത്തിയിരുന്നു. അഞ്ചു ഘട്ടങ്ങളിലായി വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി.
അഭിപ്രായം സ്വരൂപിക്കുന്നതിനായി മുഴുവന്‍ ജനങ്ങള്‍ക്കുമായി നവംബര്‍ 13ന് ഒരു ഓണ്‍ ലൈന്‍ മീറ്റിങ് സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനപ്രതി നിധികളും ഉദ്യോഗസ്ഥരും, ഡാമുകളെക്കുറിച്ച് ശസ്ത്രീയമായി പഠിച്ചവര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധികള്‍, പൊതുജനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി ഈ വിവിധ ഘട്ടങ്ങളില്‍ സംവദിച്ച് വിശദമായ അഭിപ്രായം ശേഖരിക്കുകയും ചെയ്തു.
ഈ പഠനത്തിലെ അഭിപ്രായങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുവാറ്റുപുഴയിലെത്തുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥര്‍ക്കും മുമ്പാകെ അവതരിപ്പിക്കും. തുടര്‍ന്ന് മന്ത്രിയും എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള കര്‍മപദ്ധതി തയാറാക്കും.
മഴയുണ്ടാകുന്ന സമയത്ത് ഡാം തുറന്നു വിടുന്ന സമയങ്ങളില്‍ മൂവാറ്റുപുഴയില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയാണ് പതിവ്. ഈ സാഹചര്യം എങ്ങനെ ഒഴിവാക്കും എന്നതാണ് വലിയ വെല്ലുവിളി. ഡാമില്‍ നിന്ന് റൂട്ട് കര്‍വ് ഉണ്ടാക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് സര്‍ക്കാരിനോട് നിയമസഭയില്‍ ഡോ. മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളപ്പൊക്കം പോലെ തന്നെ വെള്ളക്കെട്ടും മൂവാറ്റുപുഴയുടെ വലിയ പ്രശ്നമാണ്. പഠനത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് കര്‍മ പദ്ധതി തയാറാക്കും.


