മലപ്പുറം: മൂന്നു ദിവസം മുന്‍പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്.
നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. വിനീഷിന്റെ പിതാവ് ചന്ദ്രന്റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ചേട്ടന്റെ വിവാഹ ശേഷമാകാമെന്നു പറഞ്ഞിരുന്നതായി പ്രദേശ വാസികള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും പോയ വിനീഷ് ചൊവ്വാഴ്ച രമ്യയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു തങ്ങളെ സ്വീകരിക്കണമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് വീട്ടുകാര്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


