സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റര്‍ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകള്‍ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങള്‍ കുട്ടികള്‍ക്ക് സംസാരിക്കാനും ദുരന്തത്തെ നേരിടാന്‍ എങ്ങനെ പരിശീലിപ്പിക്കണമെന്നും പഠിപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കണ്ടും കേട്ടുമുള്ള അനുഭവങ്ങളിലൂടെ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ് ഡി എം ക്ലബ്ബുകളിലൂടെ ഉദ്ദേശിക്കുന്നത്. മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേയ്ക്കും എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് 2022മുതല്‍ തുടക്കം കുറിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് ‘സജ്ജം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് പട്ടിക്കാട് ഗവ.സ്കൂളിലാണ് തുടക്കമാവുന്നത്.
ദുരന്ത നിവാരണ സാക്ഷരതയിലൂടെ ഏത് ദുരന്തത്തെയും നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃത്യമായ മുന്നറിയിപ്പുകള്‍ നല്കി ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സജ്ജത്തിലൂടെ സാധിക്കും.
ദുരന്തലഘൂകരണത്തിലൂടെ ദുരന്തനിവാരണം സാധ്യമാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ദുരന്തനിവാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018-ല്‍ പ്രളയം നേരിടുമ്പോള്‍ നമുക്ക് മുന്നനുഭവങ്ങളുടെ മാതൃക ഇല്ലായിരുന്നു. പ്രകൃതി സ്വഭാവങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണ്. ദുരന്തലഘൂകരണത്തിനുള്ള ശാസ്ത്രീയമായ അറിവും പരിചയവും നേടാന്‍ നാം നിരന്തരം ശ്രമിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ടിഎന്‍ പ്രതാപന് എംപി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ സുരക്ഷാ പ്ലാനുകള്‍ തയ്യാറാക്കാനും പ്രാവര്‍ത്തികമാക്കാനും സഹായിക്കുന്ന ‘ഉസ്കൂള് ആപ്പ്’ എം പി പ്രകാശനം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യൂണിസെഫിന്റെ സഹകരണത്തോടെ ആണ് ആപ്പ് വികസിപ്പിച്ചത്. എല്ലാ സ്കൂളുകളിലും സുരക്ഷാ പ്ലാനുകള്‍ പൂര്ത്തിയാക്കുകയുംകുട്ടികളില് ദുരന്തപ്രതിരോധ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങള്‍ ഏറിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് വികസിപ്പിച്ചത്.
ദുരന്ത ലഘൂകരണ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഹ്യുന്‍ ഹീ ബാന്‍ നിര്‍വഹിച്ചു. സമൂഹത്തില്‍ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന’സജ്ജം’ പരിപാടിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി മോക്ഡ്രില്‍,എക്സിബിഷന്, പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവ നടന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിച്ചു. പരിപാടിയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്, ഫയര്‍ ആന്റ് റസ്ക്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
പാണഞ്ചേരി പഞ്ചായത്ത് ഗവ. എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ആര്‍ഡിഒ പി എ വിഭൂഷണ്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര് രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടിവി മദനമോഹന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, തൃശൂര്‍ തഹസില്‍ദാര്‍ ടി ജയശ്രീ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.