തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. പണ തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ഇയാളെ കല്ലറ നിന്നാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണല്‍ ഓഫിസില്‍ നിന്നായി 33 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തല്‍. സംസ്ഥാന കണ്‍കറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. ഉള്ളൂര്‍, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണല്‍ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തമാക്കി.


