ഇടുക്കി ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഊരിലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രണ്ടാഴ്ച്ച മുന്‍പ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വ്ലോഗര്‍ സുജിത് ഭക്തനും ഇടമലക്കുടിയിലേക്ക് നടത്തിയ യാത്രയ്ക്ക് പിന്നാലെ രോഗം സ്ഥീരീകരിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
രണ്ടുവര്‍ഷം കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തിയ ഇടമലക്കുടിയിലും മഹാമാരിയെത്തി. ഇരുപ്പ്ക്കല്ല് ഊരിലെ നാല്പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരാനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടേയും ഉറവിടം വ്യക്തമല്ല. ഇരുപത്തിനാലുകാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും നാല്പതുകാരി കോട്ടയം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഊരിലേക്ക് ഭക്ഷണ സാധനങ്ങള്‍ നല്കാന് എത്തിയ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാകാം രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പഞ്ചായത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് ജില്ല ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ഇതിനായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ആദ്യ ലോക്ക് ഡൗണ്‍ മുതല്‍ സെല്‍ഫ് ക്വറന്റൈനിലായിരിന്നു ഇടമലക്കുടി. പുറത്തു പോയി തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന് ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനവും നിഷേധിച്ചിരുന്നു.
അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യയാക്കോസ് എംപി യോടൊപ്പം വ്ലോഗ്ഗര്‍ സുജിത് ഭക്തന് നടത്തിയ യാത്രയെ തുടര്‍ന്നുണ്ടായ രോഗ വ്യാപനം പുതിയ വിവാദങ്ങള്‍ക്കും വഴിതുറന്നു. രോഗ വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഇടമലക്കുടിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാനുള്ള നീക്കത്തിലാണ് ജില്ല ഭരണകൂടം. സംസ്ഥാനത്ത് റെഗുലര്‍ ക്ലാസ് നടക്കുന്ന ഏക പഞ്ചായത്ത് ആയിരുന്നു ഇടമലക്കുടി. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചത്തോടെ റെഗുലര്‍ ക്ലാസ് അവസാനിപ്പിക്കേണ്ടി വരും.
വിഷയത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസും സുജിത്ത് ഭക്തനും രംഗത്തെത്തി.
ഡീന്‍ കുര്യാക്കോസ് പറഞ്ഞത്: ”ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തു ദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയത്.”
സുജിത്ത് ഭക്തന്റെ പ്രതികരണം: ”മാസ്ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര് വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തു വന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയത്.”


