കൊച്ചിയില്‍ രാവിലെ 12 ഓളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും തൃക്കാക്കര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഒരേ നായ ആണ് പരിസരത്ത് അക്രമം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
ആക്രമണകാരികളായ തെരുവു നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവു നായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജികള്‍ക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹര്‍ജിയില്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും.
കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ദിവസേന നായകളുടെ കടി ഏല്ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാന്‍ നടത്തുന്ന നീക്കങ്ങള്‍ തടയണമെന്ന ഹര്‍ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.


