മൂവാറ്റുപുഴ: നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ തീപാറുന പോരാട്ടം. ഐക്യ ജനാധിപത്യ മുന്നണിക്കായി മുസ്ലീം ലീഗ് ടൗണ്‍ ജന: സെകട്ടറി പിഎം അബ്ദുല്‍ സലാം പ്രചരണത്തില്‍ വന്‍ മുന്നേറ്റം നടത്തുമ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പ്രചരണത്തില്‍ സജീവം. കേരളം പകച്ചുപോയ മഹാപ്രളയത്തിലും കൊറോണയെന്ന മഹാമാരിയിലും നാടു നടുങ്ങിയപ്പോള്‍ നാടിനൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സലാം പ്രചരണത്തില്‍ സജീവമായതോടെ വീറും വാശിയും കൂടി. മത്സര രംഗം ചൂടുപിടിച്ചു.
കാല് നൂറ്റാണ്ടിന്റെ സാമൂഹിക- രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായാണ് യുഡിഎഫിനായി അബ്ദുല്‍ സലാം ജനവിധി തേടുന്നത്. നാട്ടിലെ സേവനരംഗത്ത് എക്കാലവും സജീവമായിരുന്ന സലാം നാട്ടിലെ സുപരിചിതനാണ്. നാടിന്റെ ആവശ്യങ്ങളും പ്രായഭേദമന്യേ സമ്മതിദായകരെ എല്ലാവരെയും പരിഗണിച്ചുകൊണ്ട് വിവിധ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് സലാം പ്രചരണത്തില്‍ മുന്നേറുന്നത്.
തന്റെ ഓണറേറിയം പൂര്‍ണ്ണമായും വാര്‍ഡിലെ ജനങ്ങളുടെ ചികിത്സക്കായി മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സലാം തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഭവന രഹിതര്‍ക്ക് സമ്പൂര്‍ണ്ണ ഭവന പദ്ദതി നടപ്പിലാക്കുമെന്ന സലാമിന്റെ പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടിയാണ് വാര്‍ഡിലെ ജനങ്ങള്‍ സ്വീകരിച്ചത്. വാര്‍ഡിലെ നിര്‍ദ്ദന വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന സലാമിന്റെ പ്രഖ്യാപനം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാവും. പ്രകൃതിക്ഷോഭ സമയത്ത് കാവുങ്കരയിലെ ജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കും. കാവുങ്കരയുടെ സമഗ്ര വികസനത്തിന് രാഷ്ട്രീയ ഭേദമന്യേ കൂട്ടായ്മ രൂപികരിക്കും. തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചാണ് സലാമും യുഡിഎഫും വാര്‍ഡില്‍ പ്രചരണ രംഗത്ത് സജീവമാകുന്നത്.
ജീവകാരുണ്യ സാമൂഹിക മേഖലകളിലെ സജീവസാനിധ്യമാണ് സലാം. മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലന കമ്മിറ്റിയുടെ പ്രസിഡന്റും, സാമൂഹിക രംഗത്തും സൗജന്യ ഭവന വിതരണ രംഗത്തും സേവന പ്രവര്‍ത്തനം നടത്തുന്ന മീന ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റുമായ സലാം റൈറ്റ് പാത്ത് സ്കൂളിന്റെ വൈസ് ചെയര്മാന് കൂടിയാണ്. സിപിഎം നേതാവ് കെ.ഇ ജലീലാണ് സിപിഎം സ്ഥാനാര്‍ഥി. സ്വതന്ത്രനായി സിഎം ഷുക്കൂറും മത്സരരംഗത്തുണ്ട്.