തിരുവനന്തപുരം: പ്രകൃതി പ്രണയത്തെയും പാരസ്പര്യത്തെയും തൊട്ടറിയാന്‍ ഏകാംഗ കാല്‍നടയാത്ര തുടര്‍ന്ന് ശരത്ത് എടപ്പാള്‍. സെപ്തംബര്‍ 25 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച സോളോ വാക്ക് ഇതിനകം തൊള്ളായിരത്തി ഇരുപത് കിലോമീറ്റര്‍ പിന്നിട്ട് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തി. കോട്ടന്‍ ഹില്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂടളിന് ശരത്തിന് സ്വകീരണമൊരുക്കി.
പതിനാല് ജില്ലകളിലൂടെയുള്ള യാത്രയില്‍ പ്രകൃതിയെ തൊട്ടറിഞ്ഞും പുഴകളോടും പൂക്കളോടും വള്ളികളോടും മണ്ണില്‍ പണിയെടുക്കുന്നവരോടും വിദ്യാര്‍ത്ഥികളോടും സംവദിച്ചു നാനാ തുറകളിലുള്ളവരുടെ ആശീര്‍വാദം ഏറ്റുവാങ്ങിയാണ് ശരത്ത് തന്റെ യാത്ര തുടരുന്നത്.
ശരത്തിന് ഊഷ്മള സ്വീകരണം നല്‍കാനായി കോട്ടന്‍ ഹില്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിതമൈത്രി സംഗമം നടത്തി. ഗവ: ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ഷാജു ഭായ് ശാന്തിനികേതന്‍, എം ലീന, എ വിന്‍സെന്റ്, വര്‍ഗ്ഗീസ് പേരയില്‍, എം ഷരീഫ്, അബ്ദുള്ള സല്മാന് തുടങ്ങിയവര്‍ പങ്കെടുത്തു. അങ്കണത്തില്‍ തണല്‍മരം നട്ടു കൊണ്ടാണ് ഹരിതമൈത്രി സംഗമം ആരംഭിച്ചത്.
ഒയിസ്ക്ക ഇന്റര്‍നാഷണല്‍, യൂസി, സെയിം, മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്സ്, നേച്ചറോപ്പതി & യോഗ ഫെഡറേഷന് തുടങ്ങിയ സംഘടനകള്‍ ശരത്തിന് താമസ സൗകര്യവും ഭക്ഷണവും ഒരുക്കി.
കേരള വനം വന്യജീവി ബോര്‍ഡ് അംഗം പ്രൊഫ. ശോഭീന്ദ്രന്, വനമിത്ര പുരസ്ക്കാര ജേതാവ് വടയക്കണ്ടി നാരായണന് തുങ്ങിയവരുടെ നേതൃത്വത്തില്‍ സംസ്ഥാന തല പരിസ്ഥിതി പ്രവര്‍ത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് സോളോ വാക്കിന്റെ ചാലക ശക്തിയായ് പ്രവര്‍ത്തിച്ചത്.


