പായിപ്ര: പായിപ്ര ഗ്രാമപഞ്ചായത്ത് 21 ാം വാര്‍ഡില്‍ തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കാന്‍ ശ്രമമെന്ന് പരാതി. എകദേശം നാലായിരം സ്ക്വര്‍ഫീറ്റ് വരുന്ന വീട് പണിയുന്നതിന് വേണ്ടി പെര്‍മിറ്റ് എടുത്താണ് മണ്ണെടുക്കാന്‍ മണ്ണ് മാഫിയ നീക്കം ആരംഭിച്ചത്.
പഞ്ചായത്തില്‍ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എംസി വിനയന് ഈ പ്രദേശത്ത് ഇത്തരത്തില്‍ വീട് പണിയാന്‍ സാദ്യത ഇല്ല എന്നും ഇതിന് പിന്നില്‍ മണ്ണ് മാഫിയ ആണ് എന്ന സംശയം ഉണ്ട് എന്നതും ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തി നടത്താന്‍ ഉദ്ദേശിക്കുന്ന വാര്‍ഡിലെ മെമ്പറെ കാര്യം അറിയിക്കുകയും ചെയ്തു.
വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ് ഉടന്‍ തന്നെ മണ്ണ് എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രദേശ വാസികളെയും ചേര്‍ത്ത് മെമ്പറുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു.
എകദേശം അഞ്ഞൂറ് ലോഡ് മണ്ണ് ആണ് ടി പ്രദേശത്ത് നിന്ന് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് ടാര്‍ ചെയ്ത സുധന് സാര്‍ സ്മാരക റോഡിലൂടെ ആണ് ഇത്രയും ലോഡ് മണ്ണ് കൊണ്ടു പേകേണ്ടി വരുന്നതെന്നും അത് റോഡ് കേടാകാനും പ്രദേശ വാസികള്‍ക്ക് മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇടവരുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്നും വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ് ആവശ്യപ്പെട്ടു.
മണ്ണ് മാഫിയയുടെ നീക്കം അറിഞ്ഞ് വാര്‍ഡ് മെമ്പര്‍ സുകന്യ അനീഷ് അനധികൃത മണ്ണെടുപ്പിനെതിരെ നിലപാട് സ്വീകരിച്ചതിന് തൊട്ടടുത്ത ദിവമാണ് പോയാലി മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
പഞ്ചായത്ത് പെര്‍മിറ്റ് നല്കിയില്ലെങ്കിലും മൈനിങ് ആന്റ് ജിയോളജി വകുപ്പ് വഴി മണ്ണ് എടുക്കാനുള്ള നീക്കം മണ്ണ് മാഫിയ നടത്താന്‍ സാധ്യതയുള്ളതായും ജനപ്രതിധികള്‍ക്ക് പരാതി ഉണ്ട്.