എറണാകുളം ജില്ലയില്‍ ശക്തമായിരുന്ന വി.എസ് വിഭാഗം വീണ്ടും തലപൊക്കുന്നു. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഴിമതി വീരന് വി.എ സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദര് പി. രാജീവിനെ വേണ്ടെന്ന പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ചൊവ്വാഴ്ച രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. സക്കീര്‍ ഹുസൈനെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെടുത്തു. സക്കീറും പി. രാജീവും തമ്മിലുള്ള ബന്ധമാണ് എതിര്‍പക്ഷം ആയുധമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവിനെതിരായ നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
മണ്ഡലത്തില്‍ കെ. ചന്ദ്രന് പിള്ളയെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് ഇത് തള്ളിയതോടെയാണ് മണ്ഡലത്തില്‍ പ്രതിഷേധം ആരംഭിച്ചത്. വി.എസിനൊപ്പം എല്ലാക്കാലവും അടിയുറച്ച് നിന്ന നേതാക്കളാണ് കെ. ചന്ദ്രന് പിള്ളയും എസ്.ശര്‍മയും. വൈപിനില്‍ എസ്. ശര്‍മയ്ക്ക് ഇളവ് നല്‍കാത്തതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. വി.എസിനൊപ്പം ഉണ്ടായിരുന്നവരെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ശര്‍മയ്ക്ക് പകരം ആരാകുമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല.
കുന്നത്തുനാട് പി.വി ശ്രീനിജനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധമാണുള്ളത്. കോടികള്‍ കോഴ വാങ്ങിയാണ് ശ്രീനിജന് സീറ്റ് നല്‍കിയത് എന്ന് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോ, അനുഭാവികളോ അല്ല കോണ്ഗ്രസ്സകാരാണ് ഇതിന് പിന്നിലെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ വിശദീകരിച്ചിരുന്നു.


