കൊല്ലത്ത് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് യുഡിഎഫ് പരാതി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി. നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
തെളിവായി ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതേസമയം, ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ക്ക് തിര. കമ്മീഷന് നിര്‍ദേശം നല്കി. രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്.
അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. ആദ്യമൂന്ന് മണിക്കൂറില്‍ത്തന്നെ പോളിംഗ് ഇരുപത്തിയൊന്ന് ശതമാനം കടന്നു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. തിരുവനന്തപുരത്തിന്റെ തീരമേഖലയിലും മെച്ചപ്പെട്ട പോളിങ്. വോട്ടര്‍മാര്‍ ആശങ്കയില്ലാതെ ബൂത്തിലെത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ ആറുമണിക്ക് മുമ്പ് ബൂത്തിലെത്തണമെന്നും നിര്‍ദേശമുണ്ട്.