കോവിഡ് കാലത്ത് സുരക്ഷിതത്വം കൈവിടാതെയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇത്തവണ സോഷ്യല്‍ മീഡിയയായിരുന്നു താരം. സോഷ്യല്‍ മീഡയയില്‍ വ്യത്യസ്ഥ പ്രചരണം നടത്തുന്നതിലായിരുന്നു സ്ഥാനാര്‍ത്ഥികളുടെ മത്സരം. ഇക്കൂട്ടത്തില്‍ ഏവരുടെയും കൈയ്യടി വാങ്ങുകയും മനംകവരുകയും ചെയ്തതാണ് സ്ഥാനര്ത്ഥികളെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് ഗാനങ്ങള്‍.
കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വവും പ്രാഗത്ഭ്യവുമൊക്കെ വോട്ടര്‍മാരെ അറിയിക്കുവാനാണ് ഇമ്പമേറിയ പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടത്. രാഷ്ട്രീയവും വികസന പരിപാടികളും കുറിക്കുകൊള്ളുന്ന വാക്കുകളില്‍ ഒഴുകിയെത്തി. ഒറ്റ കേള്‍വിയില്‍ തന്നെ ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് വോട്ടര്‍മാരെ വശത്താക്കുന്ന മാന്ത്രിക വിദ്യയാണ് ഇലക്ഷന് ഗാനങ്ങള്‍. വോട്ടര്‍മാര്‍ പെട്ടെന്ന് ശ്രദ്ധക്കുന്ന സിനിമാഗാനങ്ങള്‍ അതിനായി തെരഞ്ഞെടുക്കുകയും അതിനൊത്ത് വരികള്‍ സൃഷ്ടിക്കുകയും കഴിവുറ്റ ഗായകരെ കൊണ്ട് പാടിപ്പിച്ച് വിദഗ്ദ റിക്കാര്‍ഡിംഗ് സംവിധാനത്തിലൂടെ അവതരിപ്പിക്കുയും ചെയ്യുന്നു.
തിരഞ്ഞെടുപ്പ് ഗാന രംഗത്ത് 1970 കാലഘട്ടത്തില്‍ മുവാറ്റുപുഴയില്‍ നിന്ന് രാഷ്ട്രീയ രൂപകല്പന ചെയ്ത് മാപ്പിള പാട്ടിന്റെ ഈണത്തില്‍ സി.പി. പോയി കോണ്‍ഗ്രസ്സ് വന്നു എന്ന ഒറ്റപ്പാട്ടു കൊണ്ട് അതിന്റെ രചയിതാവ് അന്തരിച്ച പി.എം. അലിയാര് വിപ്ലവ മാപ്പിളപ്പാട്ടിന്റെ എക്കാലത്തെയും കുലപതിയായി. പിന്നീടിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പ് കാലങ്ങളിലും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുപ്പു ഗാനങ്ങള്‍ പിറവിയെടുത്തിരുന്നു. ഇവ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അതേ കുടുംബ പാരമ്പര്യത്തില്‍ പിറന്നതാണ് സ്റ്റീരീയോ ഹൗസ് ലൈറ്റ് & സൗണ്ട് എന്ന സ്ഥാപനം. തങ്ങളുടെ മികച്ച ശബ്ദവും വെളിച്ചവും സന്നിവേശിപ്പിച്ച് സാങ്കേതിക വിദ്യയുടെ മികവ് ഈ രംഗത്ത് പ്രകടമാക്കി. തെരഞ്ഞെടുപ്പു ഗോദയില്‍ ഉരുളക്കുപ്പേരി പോലെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗാനങ്ങളുണ്ടായത് സ്റ്റീരിയോ ഹൗസില്‍ നിന്നാണ്. സാങ്കേതിക വിദ്യ വളരെയേറെ വളര്‍ന്ന ഈ കാലഘട്ടത്തിന്റെ മാറ്റത്തിനൊത്ത് അവരും മാറി. ഇപ്പോള്‍ ഗാനങ്ങള്‍ ശ്രിഷ്ടിക്കപ്പടുന്നത് പ്രശസ്ത ഗായകനും നിരവധി ചാനല്‍ റിയാലിറ്റി ഷോകളിലൂടേയും ഗാനമേള വേദികളിലൂടെയും ശ്രദ്ധേയനും സംഗീത സംവിധായകനും മ്യൂസിക് പ്രോഗ്രാമറുമായ അരുണ്‍കുമാരന്‍, പ്രമുഖ ഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വര സാദൃശ്യമുള്ള പ്രശസ്ത ഗായകന് സി.എം. നവാസ്, ഗായിക വിദ്യ, സുഹാന സുബൈര്‍ വര്‍ഷങ്ങളോളമായി ലൈവ് റിയാലിറ്റി ഷോകള്‍ക്കും ഗാനമേളകള്‍ക്കും സൗണ്ട് എഞ്ചിനിയറായി പ്രവര്‍ത്തിച്ചു വരുന്ന അലിസണ് സ്റ്റീരിയോ ഹൗസ് എന്നിവര്‍ കൈകോര്‍ത്തുകൊണ്ട് മൂവാറ്റുപുഴയിലെ പുതിയ ഷൂട്ടിങ്ങ് ഫ്ലോറായ പിക്സോറ മീഡിയാ ഷൂട്ടിങ്ങ് ഫ്ലോറിലും, കാഫീ ഓഡിയോ സ്റ്റുഡിയോ യിലുമായി തെരഞ്ഞെടുപ്പു ഗാനങ്ങളും അനൗണ്‍സ്മെന്റുകളും വീഡിയോകളും സൃഷ്ടിക്കുന്നത്.
ബാപ്പ മാര്‍ക്സിസ്റ്റ് മുന്നണിയിലും മൂത്ത മകന് അഡ്വ. പി.എ. അസീസ് ഐക്യമുന്നണിയിലും നിലകൊണ്ടിരുന്ന സമയത്ത്, ഒരേ വീട്ടില്‍ നിന്നു തന്നെ രണ്ടു പേരും രണ്ട് പാര്‍ട്ടികള്‍ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നൂ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ കുടുംബത്തിന്. ടേപ്പ് റെക്കാര്‍ഡര്‍ പോലുമില്ലാതിരുന്ന അക്കാലത്ത് തുറന്ന വാഹനത്തില്‍ മൈക്ക് സെറ്റ് വച്ചുകെട്ടി ഒരു ഹാര്‍മോണിയത്തിന്റേയും തബലയുടേയും ജിപ്സിയുടേയും സഹായത്തോടെ ആ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു വായ്പാട്ട് കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പാടിയിരുന്നത്. ജനങ്ങളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ച ആ ഗാനത്തിന് മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭ വന്നപ്പോള്‍ ആന്റണി പോയി ചാണ്ടി വന്നു എന്ന പാരഡി ചമച്ചിട്ടുണ്ട്.


