മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി അഞ്ച്കോടി പതിനൊന്നുലക്ഷം രൂപ കിഫ്ബി നഗര വികസന ഏജന്‍സിയായ കെആര്‍എഫ്ബിക്ക് കൈമാറി. കെഎസ്ഇബിക്ക് 3.16 കോടിയും, വാട്ടര്‍ അതോറിട്ടിക്ക് 1.99 കോടി രൂപയുപമാണ് അനുവദിച്ചത്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര വികസനം കൂടുതല്‍ മികച്ചതാകുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.
പതിവായ വൈദ്യുതി മുടക്കവും പൊട്ടി ഒലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇനി പഴം കഥയാവും. ഇതിനായി ഭൂമിക്കടിയിലൂടെ ഡക്ട് നിര്‍മ്മിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും സ്ഥാപിക്കും. ഇതിനായാണ് പുതിയ തുക അനുവദിച്ചിരിക്കുന്നത്. കെആര്‍എഫ്ബി പണം ഉടന്‍ കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും കൈമാറും. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടികളുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
ഭൂഗര്‍ഭ കേബിളുകളിലൂടെയാകും പുതിയ പ്ലാനനുസരിച്ച് വൈദ്യുതി വിതരണം നടത്തുക. ഇതോടെ നഗരത്തിലെ നിത്യമായ വൈദ്യതി മുടക്കത്തിന് പരിഹാരമാകും. അപകടങ്ങള്‍ കുറക്കാനും ഇതുവഴി കഴിയും. നഗരത്തിലെ പോസ്റ്റുകളൊഴിവാക്കി ഡക്ടിലൂടെയാവും വൈദ്യുതി കേബിളുകള്‍ വലിക്കുക. ഇതോടെ ഇലക്ട്രിക് പോസ്റ്റുകളില്ലാത്ത കൂടുതല്‍ സൗന്ദര്യമുള്ള നഗരമായി മൂവാറ്റുപുറഴമാറും.
വാട്ടര്‍ അതോറിട്ടി പൈപ്പുകളും പ്രത്യേക ഡ്ക്ടുകള് സ്ഥാപിച്ച് അതിലൂടെയാക്കും. നഗരത്തില്‍ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളപ്പാടെ ഡക്ടിലൂടെ ആക്കുന്നതോടെ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകളൊഴിവാക്കാമെന്നും എംഎല്‍എ പറഞ്ഞു. ടാറിങ്ങിന് പിന്നാലെ വാട്ടര്‍ കണക്ഷന്റെ പേരില്‍ റോഡ് വെട്ടി പൊളിക്കുന്നതിനാല്‍ പലപ്പോഴും റോഡ് കുളമായി മാറുന്നു.
വാട്ടര്‍ അതോറിറ്റിക്കും കെഎസ്ഇബിക്കും പ്രത്യേക ഡക്ടുകളാണ് നിര്‍മ്മിക്കുക. ഇതടക്കം പഴയ ഡിപിആറില്‍ നിന്നും കാതലായ മാറ്റങ്ങളോടെയാണ് പുതിയ ഡിസൈന്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായുള്ള പണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നഗര വികസന പദ്ധതികളുടെ ടെന്‍ഡറിനൊപ്പം തന്നെ പുതിയ വര്‍ക്കുകളും ടെന്‍ഡര്‍ ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.


