മൂവാറ്റുപുഴ: കക്കടാശ്ശേരി – കാളിയാര്‍, മൂവാറ്റുപുഴ-തേനി റോഡുകളില്‍ നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുവാന്‍ അടിയന്തര ഇടപെടല്‍ അധികാരികള്‍ നടത്തണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. ഡി.പി. ആറില്‍ അനാവശ്യമായ ഭേദഗതികള്‍ വരുത്തിയത് അപകടങ്ങള്‍ പെരുകിയതിന് മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഉന്നത നിലവാരത്തിലാക്കിയതിന് ശേഷം ഇക്കഴിഞ്ഞ 2 വര്‍ഷത്തിനിടെ നൂറില്‍ അധികം വാഹനാപകടങ്ങള്‍ ഉണ്ടായി. ഓഗസ്റ്റ് 6 ന് വൈകിട്ട് വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥി കാശിനാഥന് കല്ലൂര്‍ക്കാട് കോടക്കവലയില് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാന്‍ മുട്ടി മരിച്ചത് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ആയങ്കരയില്‍ ഓട്ടോയും ബസും തമ്മില്‍ കൂട്ടിമുട്ടി 2 പേരും , ആയ വന കടുംപിടിയില്‍ കാറും ബൈക്കും തമ്മില്‍ ഇടിച്ച് ഒരു യുവാവും, കടവൂരില്‍ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥി കാര്‍ മുട്ടിയും , പുന്നമറ്റത്ത് ഇലക്ട്രിക് പോസ്റ്റില്‍ ബൈക്ക് ഇടിച്ച് എം.വി. ഐ.പി ജീവനക്കാരനും മരിച്ചത് അടുത്ത നാളിലാണ്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 155 കോടി രൂപ ചെലവഴിച്ചാണ് കക്കടാശ്ശേരി – കാളിയാര്‍, മൂവാറ്റുപുഴ – തേനി റോഡുകളുടെ നിര്‍മ്മാണം നടത്തിയത്. ശരാശരി 1 കി.മീ. റോഡ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 350 ലക്ഷം രൂപയാണ്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ തയ്യാറാക്കിയ ഡി.പി. ആറില്‍ അനാവശ്യമായ ഭേദഗതികള്‍ വരുത്തി പദ്ദതി നടപ്പാക്കിയതാണ് വാഹനാപകടങ്ങള്‍ പെരുകിയതിന് മുഖ്യ കാരണം. വളവുകള്‍ നിവര്‍ത്താതെ നിര്‍മ്മാണം നടത്തിയതും , കുന്നുകളുടെ ഉയരം കുറക്കാതെ റോഡ് നിര്‍മ്മിച്ചതും അപകടം വര്‍ദ്ധിപ്പിച്ചു. മൂവാറ്റുപുഴ – തേനി റോഡില്‍ കുന്നുകള്‍ താഴ്ത്തി റോഡ് നിര്‍മ്മിക്കാത്തത് മൂലം യാത്രക്കാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത സ്ഥിതിയാണുള്ളത്. കക്കടാശ്ശേരി – കാളിയാര്‍ റോഡില്‍ അപകടം വരുത്തിവയ്ക്കുന്ന വിധം റോഡിന്റെ മധ്യഭാഗത്ത് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ നാളിതു വരെ മാറ്റി സ്ഥാപിച്ചിട്ടില്ലാത്തത് അധികാരികളുടെ അനാസ്ഥയാണ്.
വാട്ടര്‍ അതോറിറ്റി അധികൃതരാകട്ടെ ബി.എം.ബി.സി. റോഡിന്റെ പലഭാഗത്തും നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് കുഴികള്‍ രൂപപ്പെട്ട് അപകടം ക്ഷണിച്ച് വരുത്തി.
യാത്രക്കാര്‍ക്ക് ബോധ്യമാകുന്ന വിധം അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതും ,സീബ്ര ലൈനുകള്‍ , റിഫ്ളക്ടറുകള്‍,ഡിവൈഡറുകള്‍ ആവശ്യം വേണ്ട ഇടങ്ങളിലില്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടി. റോഡ് നിര്‍മാണത്തിന് മുന്‍പ് പുറമ്പോക്ക് ഭൂമി കണ്ടെത്തി റോഡിന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി. പുഴയ്ക്ക് കുറുകെയുള്ള കക്കടാശ്ശേരി പാലത്തിന്റെ വശങ്ങളില് കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച സ്റ്റീല്‍ ബ്രിഡ്ജ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അധികാരികളുടെ ഗുരുതര വീഴ്ചയാണ്.
വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ , കടവൂര്‍ കവലകളില്‍ ട്രാഫിക് പോലീസ് സേവനം കാര്യക്ഷമമാക്കണമെന്നും, റോഡിന്റെ നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ വിദഗ്ദ സംഘത്തിന്റെ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുന്‍എം.എല്‍എ .എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.


