എറണാകുളം: സര്‍ക്കാര്‍ സേവനങ്ങള്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ എന്റെ ജില്ല മൊബൈല്‍ ആപ്പ് കൂടുതല്‍ പൊതു സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി കാര്യക്ഷമമാക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും ആപ്പില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
ജില്ലയിലെ 1580 സര്‍ക്കാര്‍ ഓഫീസുകളില്‍ 1330 ഓഫീസുകളുടെ വിവരങ്ങള്‍ നിലവില്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ജില്ലയിലെ വിവിധ സ്കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ആപ്ലിക്കേഷനിലൂടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള 551 വിലയിരുത്തലുകള്‍ ലഭ്യമായിട്ടുണ്ട്. ഇവയില്‍ 260 ഫൈവ് സ്റ്റാര്‍ റിവ്യൂകളും 41 ഫോര്‍ സ്റ്റാര്‍ റിവ്യൂകളും 110 വണ്‍ സ്റ്റാര്‍ റിവ്യൂകളും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിലയിരുത്തും. മൊബൈല്‍ ആപ്പ് കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്കും ജില്ലയില്‍ രൂപം നല്‍കിയിട്ടുണ്ട്.