മുവാറ്റുപുഴ : ജെ.സി ഐ മുവാറ്റുപുഴ ടൗണ്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡ് മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് അര്‍ഹനായി. 25,001 രൂപയും ഫലകവും പൊന്നാടയും ഒക്ടോബര്‍ 7 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അഡ്വ .ഡീന്‍ കുര്യാക്കോസ് എം പി സമ്മാനിക്കും.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് മുഖ്യാതിഥിയാവും. ജെ സി ഐ മുവാറ്റുപുഴ ടൗണ്‍ പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവന് ചടങ്ങില്‍ അദ്ധ്യക്ഷനാവും.
ജെസിഐ മുവാറ്റുപുഴ ടൗണ്‍ ചാപ്റ്ററിന്റെ പുതിയ പ്രസിഡണ്ടായി ജെ സി മാത്യു പ്രസാദ് ചുമതല ഏല്ക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഡോ പ്രൊഫ. ജോസ്കുട്ടി ജെ ഒഴുകയില്‍ ചെയര്‍മാനായും ജോബിന് ജോര്‍ജ്, സിബി പൗലോസ് എന്നിവര്‍ അടങ്ങിയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടേതാണ് തീരുമാനം.
ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ മുനിസിപ്പാലിറ്റി, ആരോഗ്യ മേഖലയില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച മൂന്നാമത്തെ മുനിസിപ്പാലിറ്റി, സമ്പൂര്‍ണ പൂന്തോട്ട നഗര പദ്ധതി ഉള്‍പ്പെടെ ഭരണ മികവിനെയാണ് പുരസ്കാരം. പ്രഥമ ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ്
നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനാണ് ലഭിച്ചിരുന്നത്.