എറണാകുളം: പെരിയാറിനു കുറുകെ പാറപ്പുറം -വല്ലംകടവ് പാലം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണ്. വൈകാതെ തന്നെ വകുപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
എറണാകുളം ജില്ലിലെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലത്തേയും ആലുവ നിയോജക മണ്ഡലത്തിലെ പാറപ്പുറത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാറപ്പുറം -വല്ലംകടവ് പാലം. 2016 ല്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കിയ പാലം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് തയ്യാറായില്ല.
ഇതേതുടര്‍ന്ന് കരാറുകാരനെ നഷ്ടോത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ബാക്കിയുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ ചെയ്തു. മൂന്നാമത്തെ ടെണ്ടറില്‍ ക്വാട്ട് ചെയ്യപ്പെട്ട തുക എസ്റ്റിമേറ്റിനേക്കാളും 16.93 ശതമാനം അധികമാണ്. ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
ആ സാഹചര്യത്തില്‍ ടെണ്ടറിന് അനുമതി നല്‍കണമോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണ്. ധനപരവും സാങ്കേതിക പരവുമായ പരിശോധകള്‍ക്ക് ശേഷമാണ് തീരുമാനമെടുക്കുക. അക്കാര്യത്തില്‍ വൈകാതെ തന്നെ വകുപ്പ് നടപടികള്‍ സ്വീകരിക്കും. ധനവകുപ്പിന്റെ കൂടി പരിശോധനക്ക് ശേഷം മറ്റു നടപടികളിലേക്ക് കടക്കാം.


