മൂവാറ്റുപുഴ: നിര്‍ദ്ധന കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ട് നിയുക്ത മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍ നാടന്റെ പൊതുപരിപാടിക്ക് തുടക്കം. പായിപ്ര പഞ്ചായത്തിലെ 19ാം വാര്‍ഡിലാണ് നിര്‍ദ്ധന കുടുംബത്തിനായി പുതിയ വീട് നിര്‍മ്മിക്കുന്നത്. ഈ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മമാണ് ഡോ മാത്യു കുഴല്‍ നാടന്‍ നിര്‍വ്വഹിച്ചത്.
കാലപ്പഴക്കം മൂലം പൊളിഞ്ഞു വീഴാറായ പാലത്തിങ്കല്‍ പിസി ബേബിക്കാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ സുമനസുകള്‍ ചേര്‍ന്ന് വീടൊരുക്കുന്നത്. കാലപഴക്കം മൂലം ചോര്‍ന്നൊലിച്ച് നിലം പൊത്താറായ ഈ വീട്ടിലാണ് വികലാംഗനായ
ബേബിയും തൊഴിലുറപ്പ് തൊഴിലാളിയായ മൂന്നു പെണ്കുട്ടികളുമൊത്ത് താമസിച്ചിരുന്നത്.
ലൈഫ് പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് ലഭിക്കാനുളള മാനദണ്ഡമില്ല. ഉള്ള വീട് ചോര്‍ന്ന് ഒലിക്കുന്നതും. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയും സുഹൃത്തുക്കളും ചേര്‍ന്ന് ബേബിക്ക് വീട് നിര്‍മിച്ച് നല്കാന് തീരുമാനിച്ചത്. 780 സ്ക്വയര്‍ ഫീറ്റുളള വീടാണ് ബേബിക്കായ് ഒരുങ്ങുന്നത്. സിദ്ധിക്ക് മുതിരക്കാലായിലിന്റെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മ്മാണം.
ചടങ്ങില്‍ ജില്ലാ പഞ്ചായത് അംഗം ഷാന്റി എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.സി. വിനയന്, കെ.കെ. ഉമ്മര്‍, കെ.പി. ജോയി, സജി പായിക്കാട്, വില്‍സണ്‍ കൂട്ടാലില്‍, ബിജു കൊട്ടാരം കേുന്നേല്, സുനില്‍ ആനിചുവട്ടില് എന്നിവര്‍ സംസാരിച്ചു.


