വയനാട് കണിയാമ്പറ്റ പഞ്ചായത്ത് 54-ാം ബൂത്തിലെ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തി വെച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിംഗ് പുനരാരംഭിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. പരാതിക്കാരായ മൂന്നു പേര് കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നായിരുന്നു പരാതി. സംഭവത്തെ തുടര്‍ന്ന് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് കമ്പളക്കാട് യുപി സ്കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് പ്രശ്നമുണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മന്ത്രിമാരുടെ ചിത്രങ്ങള്‍ മാറ്റി.
അതേസമയം, ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇരട്ടവോട്ട് ആരോപണത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മറുപടിയുമായി സിപിഐഎം രംഗത്തെത്തി. എന്‍ഡിഎയുടെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന് പറഞ്ഞു. ഇരട്ടവോട്ട് ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും വിജയന് പറഞ്ഞു.
സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവനാണ് രംഗത്തെത്തിയത്. ഇരട്ടവോട്ടിനായി തമിഴ്നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്ന് സന്തോഷ് ആരോപിച്ചു.