ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. തിങ്കളാഴ്ച്ച ടെന്‍ഡര്‍ സ്വീകരണ സമിതി യോഗം ചേര്‍ന്ന് കുറഞ്ഞ തുക ക്വാട്ട് ചെയ്ത ടെന്‍ഡര്‍ അംഗീകരിച്ചു കിഫ്ബിക്ക് കൈമാറും. 1.31 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
ഇരു നിലകളിലായി 9 ക്ലാസ് മുറികള്‍ പുതിയ അക്കാദമിക്ക് ബ്ലോക്കില്‍ ഉണ്ടാകും. 5000 ചതുരശ്രയടി ചുറ്റളവില്‍ പടിക്കെട്ടുകള്‍ ഉള്‍പ്പെടെ ഭിന്നശേഷി സൗഹാര്ദ്ദപരമയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 850 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. നിലവിലുള്ള കെട്ടിടങ്ങള്‍ ഏറെ മോശമായതിനെ തുടര്‍ന്ന് 3 വര്‍ഷങ്ങള്‍ മുന്‍പാണ് എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം പുതിയ കെട്ടിടത്തിനായി നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം പദ്ധതി തയ്യാറാക്കിയത്.
2019 ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പദ്ധതി സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ആദ്യം ഭരണാനുമതി ലഭിക്കുന്നത്. അന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 18 ശതമാനം ജി.എസ്.റ്റി ഉള്‍പ്പെടുത്തി പുതുക്കേണ്ടി വന്നു. ആദ്യം കിഫ്ബി അനുവദിച്ച തുകയേക്കള്‍ 25 ശതമാനം കൂടുതല്‍ വന്നതിനെ തുടര്‍ന്ന് വീണ്ടും പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു കിഫ്ബി വഴി അനുമതി നേടിയെടുക്കുകയായിരുന്നു.
കിഫ്ബി അംഗീകാരത്തോടെ തുടര്‍ നടപടികള്‍ക്ക് ശേഷം കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.


