എറണാകുളം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍ ജില്ലയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തി രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
കൊടികുത്തിമല നടുപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍ (37), ചെറിയ പള്ളം തുരുത്ത് പഞ്ഞിക്കര വീട്ടില്‍ അഖില്‍ ജോസ് (18), സോണാപ്പൂര്‍ സ്വദേശി ഇനുല്‍ ഹഖ് (29) മഴുവന്നൂര്‍ മേലേക്കുടിയില്‍ ആഖിലേഷ് (23), ചേലാമറ്റം ഒക്കല്‍ അമ്പാട്ട് വൈഷ്ണവ് സന്തോഷ് (22), വേങ്ങൂര്‍ വടൂപ്പാടം കുറുപ്പം കുന്നേല്‍ അഭിജിത് (26) എന്നിവരാണ് റൂറല്‍ പോലിസിന്റെ പിടിയിലായത്.
ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലാണ് പരിശോധന നടത്തിയത്. പിടിയിലായവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി. പറഞ്ഞു. ബിനോയ്.റ്റി.ബി, ബോബി കുര്യാക്കോസ്, പി.എം. തെല്ഹുത്ത്, രാഹുല്‍ കെ.ആര്, ജെറിഷ്.സി.എ, രതീഷ് സുഭാഷ്, റിതേഷ്.പി.എം, വികാസ് മണി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന് പി ഹണ്ട്.


