രാസവസ്തുക്കള്‍ ഒഴിവാക്കി ജൈവ രീതിയില്‍ ആരോഗ്യപ്രദമായ വിളകള്‍ ഉല്പാദിപ്പിക്കുന്ന കാലഘട്ടത്തിലേക്കാണ് നമ്മള് പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലുവ തുരുത്ത് സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ സമഗ്ര അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയുടെ പ്രാധാന്യത്തെ ജനങ്ങള്‍ മനസിലാക്കി തുടങ്ങി. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഇടപെടലിലൂടെ കൃഷിയിടങ്ങളുടെ വിസ്തൃതി വ്യാപിപ്പിക്കാനും തരിശുരഹിത പ്രദേശങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറികളില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം അപകടമാണ്. ഭക്ഷണത്തില്‍ വിഷം കലരുന്നതു വലിയ ദുരന്തത്തിനു കാരണമാകും. ഇത്തരം സാഹചര്യങ്ങളിലാണ് ആലുവ വിത്തുല്പാദന കേന്ദ്രം പോലുള്ള ജൈവ ഫാമുകളുടെ പ്രാധാന്യം. ജൈവകൃഷി രീതികളുടെ വ്യാപനം അനിവാര്യമാണ്. ഇതു ഗൗരവമായി കണ്ടാണ് ആലുവ വിത്തുല്പാദന കേന്ദ്രത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമാക്കുന്നതിനു തീരുമാനിച്ചത്.
ആവശ്യമായതിന്റെ വളരെ കുറവ് ശതമാനം അരി മാത്രമാണു നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. നെല്ലിനൊപ്പം തന്നെ ചെറുധാന്യങ്ങളും കൃഷി ചെയ്യണം. ഭക്ഷണത്തില്‍ മാറ്റം അനിവാര്യമാണ്. ആരോഗ്യത്തിനു ഗുണം ചെയ്യുന്ന കിഴങ്ങുവര്‍ഗങ്ങള്‍, പഴം, ചെറുധാന്യങ്ങള്‍ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആലുവ വിത്തുല്പാദന കേന്ദ്രത്തില്‍ കൂടുതല്‍ ഇനങ്ങള്‍ കൃഷിചെയ്യാനും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കണം. വിത്തുല്പാദന കേന്ദ്രത്തിന്റെ നല്ല രീതിയിലുള്ള മുന്നേറ്റം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുന്ന വിത്തുല്പാദന കേന്ദ്രത്തില്‍ 9 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കുന്നത്. ഫാമിലേക്ക് പാലവും ബോട്ട് ജെട്ടിയും മതില്‍ക്കെട്ടുകളും റോഡുകളും തൊഴുത്തും നിര്‍മ്മിക്കുന്നതിനു കൃഷി വകുപ്പിന്റെ ആര്.ഐ.ഡി.എഫ് ഫണ്ടില്‍ നിന്ന് 6.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പുതിയ ബോട്ടും അനുവദിച്ചിട്ടുണ്ട്. ശതാബ്ദി കവാടത്തില്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി ബോട്ട് ജെട്ടി സ്ഥാപിക്കും.
ഫാമിന്റെ തൂമ്പത്തോട് വശത്തുള്ള അതിര്‍ത്തി സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുകയും ഇവിടെ മറ്റൊരു ബോട്ട്ജെട്ടി നിര്‍മ്മിക്കുകയും ചെയ്യും. കാലടി- ദേശം റോഡില്‍ നിന്നും തൂമ്പകടവിലേക്ക് അപ്രോച് റോഡ് നിര്‍മ്മിക്കുന്നതിന് രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്.കെ.വി.വൈ) പദ്ധതിയില്‍ 2.3114 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
വിത്തുല്പാദന കേന്ദ്രം പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഫാമില്‍ പുതിയതായി ആരംഭിക്കുന്ന ഫ്ളോട്ടിങ്ങ് കൃഷിരീതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. വിത്തുല്പാദന കേന്ദ്രത്തിലെ മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് സോയില്‍ സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് എ.ഡി.എ.സി പ്രീതി മന്ത്രിക്ക് കൈമാറി.
ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാണികുട്ടി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോമി, ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്, ശാരദ മോഹന്‍, ലിസി അലക്സ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകന്, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദ്, പഞ്ചായത്ത് അംഗം സഹാസ് ദേശം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ആലുവ വിത്തുല്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി മോള് ജെ വടക്കൂട്ട് തുടങ്ങിയവര്‍ സന്നിഹിതരായി.
പുഴയാല്‍ ചുറ്റപ്പെട്ട ആലുവ ഫാമിന് അതിരുകളില്‍ സംരക്ഷണഭിത്തി, ബോട്ട് ജെട്ടികള്‍, കാലടി – ദേശം റോഡില്‍ നിന്നും തുമ്പക്കടവിലേക്കു അപ്രോച്ച് റോഡ്, തൂമ്പാക്കടവിനു കുറുകെ ഒരു പാലം, തൊഴിലാളികള്‍ക്ക് വിശ്രമമുറി, പ്രളയ കാലത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത്, പട വുകളോട് കൂടിയ മത്സ്യക്കുളം, ജലസേചന കനാല്‍ നവീകരണം, വാച്ച് ടവര്‍, റെയില്‍വേ ട്രാക്ക് മുതലുള്ള ഫാം റോഡുകള്‍, ഫാം ടൂറിസം അനുബന്ധ പ്രവര്‍ത്തന ങ്ങള് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായയത്. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാമിന്റെ സമ്പൂര്‍ണ്ണ സൗരോര്ജ്ജവല്ക്കരണവും, നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളും, ശതാബ്ദി കവാടത്തിലെ പ്രധാന ബോട്ട് ജെട്ടിയും, കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിത്തുത്പാദനം, സംയോജിത ജൈവകൃഷി, നടീല്‍ വസ്തുക്കളുടെ ഉല്പാദനം, കാര്‍ബണ്‍ ന്യൂട്രല്‍ പരിവര്‍ത്തനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സോളാര്‍ ഡയര്‍ മുതലായ പ്രവര്‍ത്തികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.
2012 മുതല്‍ ജൈവസാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് സീഡ് ഫാം ആലുവ, അന്യം നിന്ന് പോകുന്ന നാടന്‍ നെല്ലിനങ്ങളുടെ വിത്തുത്പാദനകേന്ദ്ര മായും, സംയോജിത ജൈവകൃഷിയുടെ പാഠശാലയായും, മൂല്യവര്‍ദ്ധിത ജൈവ ഉത്പ ന്നങ്ങളുടേയും, ജൈവ വളര്ച്ചാത്വരകങ്ങളുടെയും വിപണന കേന്ദ്രമായും, പ്രവര്‍ത്തിച്ചു വരികയാണ്. പെരിയാറിനാല്‍ ചുറ്റപ്പെട്ട മനോഹരമായ തുരുത്തില് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പിന്നിട്ട ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥാപനത്തിന് യാത്രാ മാര്‍ഗ്ഗം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നുള്ളത് കാലിക പ്രാധാന്യമുള്ള അടിയന്തിരാവശ്യമാണ്.


